റായ്പൂര്‍:  കൂട്ടബലാത്സംഗം നേരിട്ടതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ് ഒടുവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യായ്ക്ക് ശ്രമിച്ചതോടെയാണ് പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഏഴംഗസംഘം ബലാത്സംഗം ചെയ്ത പെണ്‍കുട്ടി ജൂലൈ 20നാണ് ആത്മഹത്യ ചെയ്തത്. 

അടുത്ത ഗ്രാമത്തില്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. പോകുന്നവഴി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും കാട്ടില്‍വച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ''പ്രാഥമികാന്വേഷണപ്രകാരം, മദ്യപിച്ചെത്തിയ രണ്ട് പേര്‍ പെണ്‍കുട്ടിയെ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി . അവിടെ അഞ്ച് പേര്‍ കൂടിയുണ്ടായിരുന്നു. മണിക്കൂറുകളോളം പെണ്‍കുട്ടിയെ ഇവര്‍ ബലാത്സംഗം ചെയ്തു. ഐജി പി സുന്ദര്‍രാജ് പറഞ്ഞു. 

''ബലാത്സംഗം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നു. ജൂലൈ 20 ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു'' പൊലീസ് കൂട്ടിച്ചേര്‍ത്തു. 

പെണ്‍കുട്ടി മരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സുഹൃത്ത് കുടുംബത്തോട് പെണ്‍കുട്ടി ബലാത്സംഗം നേരിട്ട വിവരം അറിയിച്ചതെന്നും പൊലീസ് പറഞ്ഞു. ബലാത്സംഗം നടന്ന വിവരം നേരത്തേ പൊലീസിന് അറിയില്ലായിരുന്നുവെന്നും ഐജി പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തില്‍ കേസെടുത്ത പൊലീസ് ഏഴ് പ്രതികള്‍ക്കുമായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.