പാട്ന: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ഗയ ജില്ലയിലെ പഞ്ചായത്ത് കെട്ടിടത്തിന്‍റെ മുകളില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് 14 നാണ് പെണ്‍കുട്ടിയെ കാറിനുള്ളില്‍ കയറ്റി തട്ടിക്കൊണ്ടുപോയത്. പിന്നീട് ബലം പ്രയോഗിച്ച് പഞ്ചായത്ത് കെട്ടിടത്തിന്‍റെ മുകളിലെത്തിച്ച് തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി അബോധാവസ്ഥയിലാകുന്ന വരെ പീഡനം തുടര്‍ന്നു. അടുത്ത ദിവസം രാവിലെ പ്രദേശവാസിയായ ഒരാളാണ് പെണ്‍കുട്ടിയെ കെട്ടിടത്തിന് മുകളില്‍ കണ്ടെത്തിയത്.  ഇയാളാണ് കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്. 

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കി. എന്നാല്‍ പ്രതികള്‍ക്ക് സ്വാധീനമുണ്ടായിരുന്ന പഞ്ചായത്ത് സമിതി പ്രതികള്‍ക്ക് പകരം പെണ്‍കുട്ടിക്ക് ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയായി പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടിയെ മൊട്ടയടിച്ച് റോഡിലൂടെ നടത്തി. 

പെണ്‍കുട്ടിയും അമ്മയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെ സംഭവം നടന്ന് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട ആറുപേരെ ഇതുവരെ കസ്റ്റഡിയിലെടുത്തെന്നാണ് വനിതാ പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥ അറിയിച്ചത്. ശിക്ഷ വിധിച്ച അഞ്ച് പ‍ഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പോക്സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറംഗ സംഘത്തിലെ ഒരാളെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ബിഹാര്‍ വനിതാ കമ്മീഷന്‍ ഗയ പൊലീസ് സൂപ്രണ്ടിന് നോട്ടീസ് അയച്ചു. എല്ലാ പഞ്ചായത്ത് അംഗങ്ങളും സെപ്റ്റംബര്‍ രണ്ടിനകം ഹാജരാകാനും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.