കോഴിക്കോട്: ബാലുശേരിയില്‍ ഒരു വര്‍ഷം മുമ്പ് നടന്ന യുവാവിന്‍റെ തിരോധാനത്തിന് പിന്നില്‍ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് ഇടപാടെന്ന് പൊലീസ്. യുവാവിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.

സൗദിയില്‍ ഡ്രൈവറായി ജോലിചെയ്ത ബാലുശേരി പൂനൂർ സ്വദേശിയായ ഹാഷിദിനെ 2019 ആഗസ്റ്റ് 22നാണ് കാണാതായത്. രാത്രിയില്‍ ബൈക്കിലെത്തിയ അപരിചിതനോപ്പം പോയ ഹാഷിദ് പിന്നീട് തിരിച്ചുവന്നില്ല. കൂട്ടികോണ്ടുപോയത് സ്വര്‍ണക്കടത്തുകാരാണെന്നും മകനെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് രണ്ടാഴ്ച്ചക്കുള്ളില്‍ മാതാവ് ബാലുശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തു. ഈ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ കോടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമാണെന്ന സൂചന ലഭിച്ചത്. സൗദിയില്‍ നിന്നും തിരികെ പോരുന്ന ഹാഷിദിനെ കൊടുവള്ളി പൂനൂര്‍ സ്വദേശികളായ രണ്ടുപേര്‍ സ്വര്‍ണ്ണകടത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഹാഷീദ് കോണ്ടുവന്ന സ്വർണം യാത്രക്കിടെ നഷ്ടപെട്ടു. 

ഇതിനെ തുടര്‍ന്നുണ്ടായ പകയാണോ കാരണമെന്നും പോലീസിന് സംശയമുണ്ട് ഹാഷീദിന്‍റെ പാസ്പോര്‍ട്ട് വീട്ടിലുള്ളതിനാല്‍ രാജ്യം വിട്ടുപോകാനിടയില്ലെന്നാണ് അന്വേഷണസംഘം കരുതുന്നത്. സ്വര്‍ണക്കടത്ത് സംഘം വകവരുത്തിയിട്ടുണ്ടോയെന്ന് സംശയവും ഇവര്‍ക്കുണ്ട്. 

കൊടുവള്ളി പൂനൂര്‍ സ്വദേശികളായ രണ്ടുപേരെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കൂടുതല്‍ തെളിവു ശേഖരിച്ചശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.