ഗാസിയാബാദ്: പേരക്കുട്ടിക്കൊപ്പമെത്തിയ മധ്യവയസ്കയെ  കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നുവെന്നാരോപിച്ച്  ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു.  ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇതിന്‍റെ  ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. 

മര്‍ദ്ദനത്തിന് ഇരയായ സ്ത്രീ കുറ്റം ചെയ്തിട്ടില്ലെന്നും വെറുതേ വിടണമെന്നപേക്ഷിച്ച് കരയുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയില്‍ കാണാം. പേരക്കുട്ടിയുമായി ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങനെത്തിയപ്പോഴാണ് ഇവര്‍ മര്‍ദ്ദനത്തിന് ഇരയായത്. 

സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നും വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും എസ് പി നീരജ് കുമാര്‍ വ്യക്തമാക്കി. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെക്കുറിച്ച്  എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഉടന്‍ പൊലീസില്‍ അറിയിക്കണം. അതല്ലാതെ നിയമം കൈയ്യിലെടുക്കാന്‍ ശ്രമിക്കരുത്. വാര്‍ത്തകളിലും വീഡിയോകളിലും കഴമ്പുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.