മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക ദുബായിൽ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്ന സിന്ധുവെന്ന് പൊലീസ് ഉറപ്പിക്കുന്നു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ നടത്തുന്നതിന്‍റെ സ്ക്രീൻ ഷോട്ടുകള്‍ പൊലീസിന് ലഭിച്ചു.
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിൽ സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ നടത്തുന്നതിന്‍റെ സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് ലഭിച്ചത്. സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക ദുബായിൽ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്ന സിന്ധുവെന്ന് പൊലീസ് ഉറപ്പിക്കുന്നു. മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സിന്ധുവിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം തേടുകയാണ്. സിന്ധുവിനെതിരെ തെളിവുകളായി വാട്സാപ്പ് ചാറ്റുകൾ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. തുടർന്ന് ഓരോ ചിത്രത്തിലും ഉള്ള പെൺകുട്ടികളുടെ പേരിൽ ഇടപാടുകാരുമായി വിലപേശൽ നടത്തും. ഇത് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് കിട്ടിയത്. ഇടപാടുകാരിൽ ചിലരിൽ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചു.
യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വിസയടക്കം നൽകിയതും സിന്ധുവാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചതും സിന്ധു തന്നെ. കേസിൽ രണ്ട് സ്ത്രീകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. അതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

