Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് വനിതാ സുഹൃത്തിനെ കാണാനെത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം

കഴിഞ്ഞ ദിവസം രാത്രിയിൽ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ ബാദുഷ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 'ഒന്നും ചെയ്യല്ലേ' എന്ന് വീട്ടിലെ സ്ത്രീകൾ അടക്കം അലറി വിളിക്കുമ്പോഴും ആൾക്കൂട്ടം വളഞ്ഞ് ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണാം.

moral policing attack against youth in malappuram perumbadappu
Author
Perumbadappu, First Published Dec 1, 2019, 2:46 PM IST

തിരൂർ: മലപ്പുറം പെരുമ്പടപ്പിൽ സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ഒരു സംഘം സദാചാര ഗുണ്ടകളുടെ ആക്രമണം. പെരുമ്പടപ്പ് സ്വദേശി ബാദുഷക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിൽ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.

രാത്രി വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ബാദുഷയെ നാട്ടുകാരിൽ ഒരു സംഘം വലിയ വടികളും ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബാദുഷയുടെ അകന്ന ബന്ധു കൂടിയാണ് സുഹൃത്തായ യുവതി. ഇരുകുടുംബങ്ങൾ തമ്മിൽ ഏറെക്കാലമായി പരിചയവുമുണ്ട്. സുഹൃത്തായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. യുവതിയുടെ ഭർത്താവിനോ കുടുംബത്തിനോ യുവതിയുടെ കുടുംബത്തിനോ ബാദുഷ വീട്ടിലെത്തിയതിൽ പരാതിയുണ്ടായിരുന്നില്ല, ബുദ്ധിമുട്ട് നാട്ടുകാരിൽ ചിലർക്കായിരുന്നു.

പതിവായി ഈ വീട്ടിൽ ബാദുഷ വരുന്നത് കണ്ട നാട്ടുകാരിൽ ചിലർ രാത്രി വടികളുമായി എത്തി ആക്രമിക്കുകയായിരുന്നു. ബാദുഷയെ വീട്ടിൽ നിന്ന് ചിലരെത്തി വിളിച്ചിറക്കി. പിന്നാലെ കൂടുതൽ പേർ വടികളുമായി എത്തി. ആക്രമണം തുടങ്ങി. ബാദുഷയുടെ കൈ പിടിച്ച് തിരിക്കുമ്പോൾത്തന്നെ വീട്ടിലെ സ്ത്രീകൾ 'ഒന്നും ചെയ്യല്ലേ' എന്ന് കരഞ്ഞ് അഭ്യർത്ഥിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാലിത് കണ്ടതോടെ വളഞ്ഞിട്ട് ബാദുഷയെ ആൾക്കൂട്ടം തല്ലാൻ തുടങ്ങി.

സ്ത്രീകളുള്ള വീടാണ്, എനിക്ക് പരിചയമുള്ള വീടാണ്, നമുക്ക് പുറത്ത് പോയി സംസാരിക്കാമെന്ന് ബാദുഷ അഭ്യർത്ഥിക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. 'വേണ്ടെടാ നീ ഇവിടെ ചെയ്യ്' എന്നാണ് ബാദുഷയെ കയ്യേറ്റം ചെയ്യുന്ന കൂട്ടത്തിലൊരാൾ ആക്രോശിക്കുന്നത്. റംഷാദേ, ഇനിയെന്ത് വേണം എന്നും വീഡിയോ പകർത്തുന്നയാൾ ചോദിക്കുന്നത് കേൾക്കാം.

ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങളെല്ലാം പകർത്തിയത് അക്രമം നടത്തിയ സദാചാര ഗുണ്ടാ സംഘത്തിലുള്ളവർ തന്നെയാണ്. ഇവർ സാമൂഹ്യമാധ്യമങ്ങളിലും വാട്‍സാപ്പിലും മറ്റും പ്രചരിപ്പിച്ചതിലൂടെയാണ് അക്രമം പുറത്തറിഞ്ഞത്. 

പരിക്കേറ്റ ബാദുഷ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബാദുഷയുടെ പരാതിയിൽ കണ്ടാലറിയാവുന്ന പതിനഞ്ചു പേർക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തു. എന്നാൽ ഇവരെല്ലാം ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ആൾക്കൂട്ടം ബാദുഷയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണാം:

Follow Us:
Download App:
  • android
  • ios