പര്‍ദ്ദ ധരിച്ച സ്ത്രീയുമായി എങ്ങോട്ടാണെന്ന്  ചോദിച്ചായിരുന്നു മര്‍ദ്ദനം. നാണമില്ലേ എന്ന് ചോദിച്ച് യുവതിയോടും തട്ടിക്കയറി. ഭര്‍ത്താവിന്‍റെ നമ്പര്‍ വാങ്ങി വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബംഗളൂരു: ഇതരമതത്തിലുള്ള സഹപ്രവര്‍ത്തകയുമായി ബൈക്കില്‍ പോയ യുവാവിന് ഒരു സംഘമാളുകളുടെ മര്‍ദ്ദനം. ബംഗളൂരുവിലാണ് സംഭവം. അന്യമതത്തിലുള്ള യുവതിയെ ബൈക്കില്‍ കൊണ്ടുപോകുന്നത് എന്തിനെന്ന് ചോദിച്ചായിരുന്നു അക്രമം. പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹപ്രവര്‍ത്തകയായ യുവതിയെ ബൈക്കില്‍ വീട്ടില്‍ കൊണ്ടാക്കുന്നതിനിടെ തിരക്കേറിയ ഹൊസൂര്‍ റോഡില്‍ വച്ചാണ് യുവാവിനെ സംഘം തടഞ്ഞത്.

പര്‍ദ്ദ ധരിച്ച സ്ത്രീയുമായി എങ്ങോട്ടാണെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. നാണമില്ലേ എന്ന് ചോദിച്ച് യുവതിയോടും തട്ടിക്കയറി. ഭര്‍ത്താവിന്‍റെ നമ്പര്‍ വാങ്ങി വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബൈക്കില്‍ നിന്ന് യുവതിയെ ബലം പ്രയോഗിച്ച് ഇറക്കിയ സംഘം ഓട്ടോയിലാണ് പോകാന്‍ അനുവദിച്ചത്. 

വര്‍ഗ്ഗീയമായി അധിപേക്ഷിക്കുന്ന വീഡിയോ അക്രമികള്‍ തന്നെ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ് ജി പാളയ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.

ഓഫീസില്‍ നിന്ന് വൈകുന്ന ദിവസങ്ങളില്‍ നേരത്തെയും യുവതിയെ വീട്ടിലെത്തിച്ചിട്ടുണ്ടെന്നും ഈ ദുരനുഭവം ആദ്യമാണെന്നും യുവാവ് പറഞ്ഞു. കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബൊമ്മയ് വ്യക്തമാക്കി. എന്നാല്‍, വര്‍ഗ്ഗീയ, സദാചാര ഗുണ്ടായസത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona