മലപ്പുറം: മലപ്പുറം തിരൂരിൽ ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ്  മർദ്ദിച്ച പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഇന്നലെ വൈകുന്നേരമാണ്
യുവതിയേയും ഭര്‍ത്താവിനേയും   ഓട്ടോറിക്ഷയില്‍ വരുന്നതിനിടെ ഒരു സംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.

തിരൂർ കൂട്ടായി സ്വദേശി കുറിയന്‍റെപുരക്കൽ ജംഷീർ ,ഭാര്യ സഫിയ എന്നിവർക്കാണ് മർദ്ദനമേറ്റത്. ബന്ധുവീട്ടിൽ പോയി തിരികെവരുന്നതിനിടെയാണ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ  തടഞ്ഞു നിർത്തി  ഇരുവരേയും രണ്ടംഗ സംഘം മർദ്ദിച്ചത്. രണ്ടുവയസുള്ള കുട്ടിക്ക് മുലപ്പാല്‍ നല്‍കാനായി ഓട്ടോറിക്ഷ റോഡരുകില്‍ കുറച്ചു നേരം നിര്‍ത്തിയിട്ടിരുന്നു. ഇത് കണ്ട സൗത്ത് പല്ലാര്‍ സ്വദേശി സിദ്ദീഖും കണ്ടാലറിയുന്ന മറ്റൊരാളും  ഓട്ടറിക്ഷയെ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചെന്നാണ് ജംഷിറിന്‍റെ പരാതി.ഓട്ടോറിക്ഷയില്‍ അനാശാസ്യമാണ് നടന്നതെന്നാരോപിച്ചായിരുന്നു ആക്രണം. ഭാര്യാഭര്‍ത്താക്കൻമാരാണെന്ന് പറഞ്ഞപ്പോള്‍ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടെന്നും ജംഷിര്‍ പറഞ്ഞു.

വിവരമറിഞ്ഞെത്തിയ സാമൂഹ്യപ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കാൻ ദമ്പതികളെ സഹായിച്ചത്. ആക്രമണത്തില്‍  പരിക്കേറ്റ ജംഷിറും  സഫിയയും തിരൂര്‍ ജില്ലാ
ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികളെക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ടെന്നും വൈകാതെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.