തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കഞ്ചാവ് വേട്ടക്കിടെ എക്സൈസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഞ്ചാവ് വിതരണത്തിന്‍റെ കണ്ണികളെ കുടുക്കാൻ ജില്ലയിലാകെ എക്സൈസ് വിരിച്ച വലയിൽ കുടുങ്ങിയത് ഒട്ടേറെ പ്രതികളാണ്. ചില്ലറ വിതരണക്കാരിൽ നിന്ന് അന്വേഷണം മൊത്ത വിതരണക്കാരിലേക്ക് എത്തിയതോടെയാണ് മാഫിയാ പ്രവര്‍ത്തനം ചുരുളഴിയുന്നത്. 

അന്വേഷണത്തിനിടക്ക് ജില്ലയിൽ  കഞ്ചാവ് മൊത്തമായി വിതരണം നടത്തി വന്നിരുന്ന തൃശ്ശൂർ പള്ളിമൂല സ്വദേശി  "പിഎം" വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂർത്തി എന്നിവരെ പടിഞ്ഞാറെ കോട്ടയിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഉച്ച കഴിഞ്ഞ് മാത്രം കഞ്ചാവ് വിൽപ്പനക്ക് ഇറങ്ങിയിരുന്നത് കൊണ്ടാണത്രെ വിഷ്ണുവിന് പിഎം എന്ന ഇരട്ടപ്പേര് വന്നത്. PM എന്ന് പറഞ്ഞാൽ തൃശ്ശൂർ ജില്ലയിൽ കഞ്ചാവ് ഉപയോഗിക്കുന്ന എല്ലാവർക്കും അറിയാമെന്നാണ് എക്സൈസിന്‍റെ കണ്ടെത്തൽ. 

പിടിയിലായ ശേഷം പ്രതിയുടെ ഫോണിലേക്ക് വന്ന വിളികളാണ് എക്‌സൈസിന്‍റെ കണ്ണുതള്ളിച്ചത്.  ആവശ്യക്കാരിൽ ഏറെയും യുവതികൾ ആണെന്ന് മാത്രമല്ല അവർക്കു ഉപയോഗിക്കുവാൻ "ജോയിന്‍റ്" , സുരക്ഷിതമായി താമസിക്കുവാൻ "ഹാൾട്ട്"  കൂടി ആവശ്യപ്പെടുന്നതായിരുന്നു ഫോൺവിളികളധികവും. കഞ്ചാവ് വലിച്ചു ലഹരിയിൽ വീട്ടിൽ പോകാൻ സാധികാത്ത കാരണമാണ് അവർക്കു താമസിക്കാൻ സൗകര്യം ഒരുക്കികൊടുക്കാറുള്ളത് എന്ന് പ്രതി പറഞ്ഞു. ഇതിനുള്ള പ്രതിഫലം അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്താൻ എക്സൈസ് സംഘത്തിന് കഴിഞ്ഞിട്ടുമില്ല. 
 
SCORE, JOINT, POST, എന്നീ വാക്കുകൾ കഞ്ചാവ് വിൽപ്പനക്കാരുടെ കോഡുകളായി കേട്ടിട്ടുണ്ടെങ്കിലും "ഹാൾട്ട്"  എന്ന വാക് വില്പനകർക്കിടയിൽ കേൾക്കുന്നത് ആദ്യമാണെന്നാണ്  എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തുടര്‍ച്ചയായി തൃശൂര്‍ നഗരത്തിലും ജില്ലയിലാകെയും നടക്കുന്ന പരിശോധനകളിലും റെയിഡുകളിലും  പിടികൂടിയ യുവാക്കളിൽ പ്രായപൂർത്തി ആകാത്തവരും എച്ച്ഐവി വാഹകരും പോലും ഉണ്ടെന്ന  ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് എക്‌സൈസിന് ലഭിച്ചിട്ടുള്ളത്.  വരും ദിവസങ്ങളിൽ  റൈഡുകൾ ശക്തമാക്കാനാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി കെ സനു നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞമാസം 11തയ്യതി തൃശൂർ നടത്തറയിൽ നിന്നും കഞ്ചാവ് പ്രതികളെ അറസ്റ്റു ചെയ്യുന്ന സമയത്തു എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടിയും കത്തികാട്ടിവിരട്ടിയും റോട്ട് വീലർ നായ്ക്കളെ അഴിച്ചുവിട്ടും പ്രതിരോധിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മാഫിയ പ്രവര്‍ത്തനത്തിന്‍റെ ചുരുളഴിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.