അടൂര്‍: അടൂരിൽ കൈക്കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച കേസിൽ അമ്മയും കാമുകനും പിടിയിൽ. ഏനാദിമംഗലം സ്വദേശികളായ ലിജയും ഡിവൈഎഫ്ഐ നേതാവ് അജയ്‍യുമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആദ്യ വിവാഹം പിരിഞ്ഞു നിൽക്കുന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണി ആയ ശേഷം ലിജ വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

ലിജ വീട്ടിൽ വച്ചാണ് പ്രസവിച്ചത്. കുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. കഴിഞ്ഞ മാസം 30നാണ് അടൂർ മരുതിമൂട് പള്ളിക്ക് സമീപം ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്ക് സമീപത്ത് സ്ഥാപിച്ച 45 സിസിടിവികൾ പരിശേധിച്ചതിൽ നിന്നാണ് സംശയാസ്പദമായ വാഹനങ്ങളുടെ പട്ടികയുണ്ടാക്കി.

ഇതിൽ ഒരു ഓട്ടോറിക്ഷയിൽ പതിപ്പിച്ചിരുന്ന പോസ്റ്റർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോ അജയ്‍യുടേതാണെന്ന് കണ്ടെത്തി. ഇയാൾക്ക് ഭർത്താവുമായി പിരിഞ്ഞ് നിൽക്കുന്ന ലിജയുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. ലിജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അജയ്‍യുമൊത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത് താനാണെന്ന് സമ്മതിച്ചത്. ഒളിവിലായിരുന്ന അജയ്‍യെയും അറസ്റ്റ് ചെയ്തു.