മഞ്ചേരി:  പ്രായപൂർത്തിയാകാത്ത പെൺമക്കളെ കാമുകന് കാഴ്ചവെച്ച് പണം വാങ്ങിയെന്ന കേസിൽ ഇന്നലെ തിരൂർ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ 34കാരിയെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.  പരപ്പനങ്ങാടി പുത്തരിക്കൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് റിമാന്‍റിലായത്. 

പട്ടിക വർഗ്ഗത്തിലെ  കുറിച്യ വിഭാഗത്തിൽപ്പെട്ട 15, 13 വയസ്സുള്ള കുട്ടികളാണ് പരാതിക്കാർ.  പരാതിയെ തുടർന്ന് കുട്ടികളെ മലപ്പുറം സ്നേഹിത ഷോർട്ട് ഹോമിലേക്ക് മാറ്റുകയായിരുന്നു. കണ്ണൂർ വളപട്ടണത്തിലെ വാടക ക്വാർട്ടേഴ്സിൽ വെച്ചും മാതാവിന്‍റെ കാമുകനായ ഒന്നാം പ്രതിക്ക് കുട്ടികളെ പണത്തിനായി കാഴ്ച വെച്ചതായും പരാതിയുണ്ട്.  

കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചതായി മറ്റൊരു കേസും പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  കീഴടങ്ങിയ യുവതിയെ തിരൂർ ഡി വൈ എസ് പി കെ സുരേഷ്ബാബു അറസ്റ്റ് ചെയ്ത് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു.