തന്റെ സുഹൃത്തുമായുള്ള വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത മകനെ അമ്മ വെടിവെച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ജാജ്ര ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. 

ചണ്ഡീഗഡ്: തന്റെ സുഹൃത്തുമായുള്ള വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത മകനെ അമ്മ വെടിവെച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ജാജ്ര ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. പ്രമോദ് എന്ന 23 കാരനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് അമ്മ മീനാദേവിയെയും പ്രമോദിന്റെ സുഹൃത്തായ പ്രദീപിനെയും മറ്റു രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഗുരുഗ്രാമിൽ ബൗൺസറായി ജോലി ചെയ്യുകയായിരുന്നു പ്രമോദ്. കഴിഞ്ഞ ഫെബ്രുവരി 19 ന് പ്രമോദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന് കാണിച്ച് മീനാദേവി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മീനാദേവിയാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്.

പ്രമോദിനൊപ്പം ജോലി ചെയ്യുന്നയാളാണ് പ്രദീപ്. ഇരുവരും സുഹൃത്തുക്കൾ ആയതോടെ പ്രദീപ്, പ്രമോദിന്റെ വീട്ടിൽ നിത്യസന്ദർശകനാകുകയും വിധവയായ മീനാദേവിയുമായി വഴിവിട്ട ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രമോദ് അമ്മയെ ചോദ്യം ചെയ്തു. 

ശേഷം പ്രദീപിന്റെ വീട്ടിലേക്കുള്ള വരവ് തടയുകയും ചെയ്തിരുന്നു. തുടർന്നാണ് അമ്മയും കാമുകനും ചേർന്ന് പ്രമോദിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ഇതിനുവേണ്ടി പ്രദീപിന്റെ രണ്ട് സുഹൃത്തുക്കളേയും ഒപ്പം കൂട്ടി. തുടർന്ന് ഇവരുടെ സഹായത്തോടെ മകനെ മീനാദേവി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂട്ടാളികളായ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.