കോഴിക്കോട്: മൂന്നു കുട്ടികളെ വാടക വീട്ടില്‍ പൂട്ടിയിട്ട് പോയ അമ്മ തിരിച്ചെത്തിയില്ല. പേടിച്ചും വിശന്നും കരഞ്ഞ കുട്ടികളെ പൊലീസെത്തി രക്ഷപ്പെടുത്തി. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. അഞ്ചു വയസ്സില്‍ താഴെയുള്ള മൂന്നു കുട്ടികളാണ് വീടിനുളളില്‍ കുടുങ്ങിയത്. തൃശൂര്‍ സ്വദേശിയായ യുവാവും കര്‍ണാടക സ്വദേശിയായ ഭാര്യയുമാണ് കുട്ടികളുടെ മാതാപിതാക്കള്‍. ഇവരെ വീടിനുള്ളില്‍ പൂട്ടിയിട്ട് മാതാവ് എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല.

കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു. അച്ഛന്‍ ജോലിക്കു പോയതാണെന്നും അമ്മ തലേദിവസം തങ്ങളെ വീടിനുള്ളിലാക്കി പുറത്തു നിന്നും പൂട്ടി പോയതാണെന്നും കുട്ടികള്‍ പൊലീസിനോട് വ്യക്തമാക്കി. 

കുട്ടികളെ പൂട്ടിയിട്ട് പോയ അമ്മ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. വിശന്നു വലഞ്ഞ കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ കോഴിക്കോട് വിന്‍സന്‍റ് ഹോമില്‍ എത്തിച്ചു. പൊലീസ് മാതാപിതാക്കള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികളുടെ മാതാപിതാക്കള്‍ക്കെിരെ കേസ് എടുത്തു.