കുന്നംകുളം കിഴൂരിൽ മകൾ അമ്മയ്ക്ക് വിഷം കൊടുത്തു കൊന്ന വാർത്തയാണ് പുറത്തുവരുന്നത്

തൃശ്ശൂ‍ര്‍: കുന്നംകുളം കിഴൂരിൽ മകൾ അമ്മയ്ക്ക് വിഷം കൊടുത്തു കൊന്ന വാർത്തയാണ് പുറത്തുവരുന്നത്. കുന്നംകുളം കീഴൂരിൽ നടന്ന സംഭവത്തിന്റ ഞെട്ടൽ ഇതുവരെ നാട്ടുകാർക്ക് മാറിയിട്ടില്ല. ചോഴിയാട്ടിൽ ചന്ദന്റെ ഭാര്യ രുഗ്മിണിയെ (57) ആണ് സ്വന്തം മകൾ വിഷം കൊടുത്ത് കൊന്നത്. സംഭവത്തിൽ മകൾ ഇന്ദുലേഖ (40) കസ്റ്റഡിയിലാവുകയും ചെയ്തിട്ടുണ്ട്.

എന്നാൽ അപ്രതീക്ഷിതമായാണ് കൊടും ക്രൂരതയുടെ പിന്നാമ്പുറങ്ങൾ വെളിച്ചത്തുവരുന്നത്. അസുഖ ബാധിതയായ അമ്മയെ ആശുപത്രിയിലെത്തിക്കുന്ന മകൾ, കൂടെ നിന്ന് പരിചരിക്കുന്ന മകൾ, അങ്ങനെ മാത്രം നാട്ടുകാർ അറിഞ്ഞ സംഭവത്തിൽ ഇന്ദുലേഖ ചെയ്ത സംഭവങ്ങൾ പുറത്തുവന്നു. അസുഖമാണെന്ന് പറഞ്ഞായിരുന്നു മകൾ ഇന്ദുലേഖ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം അമ്മയെ എത്തിച്ചത്.

Read more:  'ഭക്ഷണത്തിൽ എന്തോ കലർത്തിയ പോലെ, അവൾ പറഞ്ഞു', ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്‍റെ മരണം കൊലപാതകമെന്ന് സഹോദരി

എന്നാൽ രുഗ്മിണിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് അവരെ മാറ്റി. ചികിത്സ തുടരുന്നതിനിടെ അടുത്ത ദിവസം ഇവര്‍ മരണപ്പെടുന്നത്. സംശയം തോന്നിയ ആശുപത്രി അധികൃതർ വിശദ പരിശോധന നടത്തി. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് മകൾ ഇന്ദുലേഖയിലേക്ക് പൊലീസ് സംശയങ്ങളെത്തുന്നത്.

വൈകാതെ മകളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വിഷം കൊടുത്തതായി തെളിഞ്ഞത്. സ്വത്ത് സംബന്ധിച്ച് രുഗ്മിണിയും ഇന്ദുലേഖയും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതിനൊടുവിൽ സ്വത്ത് തട്ടിയെടുക്കാൻ ഇന്ദുലേഖ അമ്മയ്ക്ക് വിഷം നൽകാൻ പദ്ധതിയിട്ട് അപായപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. 

Read more: വീട്ടിനകത്ത് ഹാൻസ് കൂമ്പാരം, ആലപ്പുഴയിൽ പിടിച്ചത് 35 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ

അതേസമയം കൊച്ചിയിൽ പേരക്കുട്ടിയെ ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കുഞ്ഞിന്‍റെ അമ്മൂമ്മയായ പി എം സിപ്സിയാണ് പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞ് വീണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു. മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് സെൻട്രൽ പൊലീസ് അറിയിച്ചു .ഹൃദയാഘാതമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഒന്നരവയസ്സുള്ള പേരമകളെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് സിപ്സി. കേസിലെ ഒന്നാം പ്രതി ജോൺ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്സി ഇവിടെ വെച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.