Asianet News MalayalamAsianet News Malayalam

സഹോദരന്റെ പങ്കാളിയോടുള്ള പ്രണയം പകയായി, കൊലപാതകത്തിലെത്തി; 'തമന്ന കേസി'ന്റെ ചുരുളഴിയുന്നു

തമന്നയ്ക്കൊപ്പം താമസിച്ചിരുന്ന ഇൻതികാബിന്‍റെ സഹോദരൻ നവാബാണ് കൊലപാതകം നടത്തിയത്. തമന്നയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം നടക്കാത്തതാണ് കൊല്ലാൻ കാരണം. ബെംഗളൂരുവിലെ കൊലപാതകങ്ങൾക്ക് പിന്നിൽ സീരിയൽ കില്ലറല്ല എന്ന് ഇതോടെ വ്യക്തമായി.
 

motive behind bengaluru railway station murder revealed vcd
Author
First Published Mar 17, 2023, 1:00 AM IST

ബംഗളുരു: ബം​ഗളൂരു എസ്എംവിറ്റി റെയിൽവെ സ്റ്റേഷനിലെ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു. കൊല്ലപ്പെട്ടത് ബിഹാർ സ്വദേശിയായ തമന്നയാണെന്ന് വ്യക്തമായി. തമന്നയ്ക്കൊപ്പം താമസിച്ചിരുന്ന ഇൻതികാബിന്‍റെ സഹോദരൻ നവാബാണ് കൊലപാതകം നടത്തിയത്. തമന്നയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം നടക്കാത്തതാണ് കൊല്ലാൻ കാരണം. ബെംഗളൂരുവിലെ കൊലപാതകങ്ങൾക്ക് പിന്നിൽ സീരിയൽ കില്ലറല്ല എന്ന് ഇതോടെ വ്യക്തമായി.

സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റാണ് കേസിൽ സംഭവിച്ചത്. സീരിയൽ കില്ലറെന്ന സംശയത്തില്‍ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് കുടുംബ വഴക്കിനെ ചൊല്ലിയുള്ള അരും കൊലയിലാണ്. ബെംഗളുരുവിൽ കെട്ടിട നിർമാണത്തൊഴിലാളികളായ ബിഹാർ സ്വദേശികളാണ് പ്രതികൾ എല്ലാവരും.  കൊല്ലപ്പെട്ട തമന്ന ബീഹാർ സ്വദേശിയായ അഫ്രോസിന്‍റെ ഭാര്യയായിരുന്നു. ഈ ബന്ധം നിലനിൽക്കെ ഇയാളുടെ ബന്ധുവായ ഇൻതികാബുമായി ഒളിച്ചോടി ബെംഗളുരുവിലെത്തി. ഇത് കുടുംബവഴക്കായി. ഇൻതികാബിന്‍റെ സഹോദരൻ നവാബിനും തമന്നയെ വിവാഹം ചെയ്യണമെന്ന് ഉണ്ടായിരുന്നു. എന്നാൽ ഇൻതികാബുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാൻ തമന്ന തയ്യാറായില്ല. 

ഇതോടെ ഇരുവരേയും വിരുന്നിനെന്ന പേരിൽ തന്ത്രപൂർവ്വം കലാശിപാളയത്തെ താമസസ്ഥലത്തേക്ക് നവാബ് വിളിച്ച് വരുത്തി. വിരുന്നിന് ശേഷം ഇരുവരോടും ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു. സമ്മർദ്ദത്തിന് ഒടുവിൽ ഇരുവരും ബന്ധം ഉപേക്ഷിക്കാൻ തയ്യാറായി. ഇൻതികാബ് നാട്ടിലേക്ക് പോകാൻ സാധനങ്ങൾ എടുക്കാൻ താമസ സ്ഥലത്തേക്ക് പോയ സമയത്ത് നവാബ് തമന്നയെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം വീപ്പയിലാക്കി. തുടർന്ന് റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു. 

ഈ വീപ്പയിൽ നവാബിന്‍റെ കൂട്ടാളികളിൽ ഒരാളായ ജമാലിന്റെ പേര് പതിച്ച സ്റ്റിക്കർ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യത്തിനൊപ്പം സ്റ്റിക്കർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ജമാൽ ,ഷാകിബ്, തൻവീർ ആലം എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി നവാബും സംഘത്തിലെ നാല് പേരും ഒളിവിലാണ്. സംഭവം നടന്ന് മൂന്ന് ദിവത്തിനകം തന്നെ കേസിന്‍റെ ചുരുളഴിക്കാനായെങ്കിലും ആദ്യ രണ്ട് കൊലപാതകങ്ങളും ഇപ്പോഴും പൊലീസിന് മുന്നിൽ കുരുക്കഴിയാത്ത പ്രശ്നമാണ്.

Read Also: വീടിന്റെ ടെറസില്‍ ചെടി വളർത്തൽ, വെള്ളവും വളവും നൽകി പരിപാലനം; പൊലീസെത്തിയപ്പോൾ കണ്ടത് കഞ്ചാവ്, പിടി വീണു

Follow Us:
Download App:
  • android
  • ios