ദില്ലി: പാകിസ്ഥാനിലെ ഭീകര സംഘടനയില്‍നിന്ന് പണം വാങ്ങി ചാരപ്പണി നടത്തിയ കേസില്‍ മുന്‍ ബജ്റംഗ്ദള്‍ നേതാവടക്കം മൂന്ന് പേരെ മധ്യപ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ മുന്‍ നേതാവ് ബല്‍റാം സിംഗ്, സുനില്‍ സിംഗ്, ശുഭം മിശ്ര എന്നിവരെയാണ് സത്ന പൊലീസ് അറസ്റ്റ് ചെയ്തത്. 2017ലും പാക് സംഘടനയില്‍നിന്ന് പണം വാങ്ങിയതിന് ബല്‍റാം സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പുതിയ കേസില്‍ അറസ്റ്റിലായത്. രാജ്യവ്യാപകമായ ലോട്ടറി തട്ടിപ്പ് കേസിലും പ്രതിയായിരുന്നു ബല്‍റാം സിംഗ്.

കേസില്‍ അഞ്ച് പ്രതികളുണ്ടെന്നും രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുമായി പ്രതികള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടുയുള്ള നിര്‍ണായകമായ വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭീകരവാദികളില്‍നിന്ന് പണം വാങ്ങിയവര്‍ക്കെതിരെ രാഷ്ട്രീയം നോക്കാതെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.  മുഖ്യപ്രതി ബല്‍റാം സിംഗിന് ജാമ്യം ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയവരാണ് അറസ്റ്റിലായതെന്നും ചിത്രകൂട്, ദേവാസ്, ബര്‍വാനി, മന്ദ്സോര്‍ എന്നിവിടങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ നരേന്ദ്ര സലൂജ ആരോപിച്ചു. ബല്‍റാം സിംഗ് ബജ്റംഗ്ദള്‍ നേതാവായിരുന്നോ എന്ന കാര്യം അറിയില്ലെന്ന് ബിജെപി മധ്യപ്രദേശ് വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.

കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആരായാലും ജാതിയും മതവും പാര്‍ട്ടിയും നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐപിസി 123 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.