മുംബൈ: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചതായി മുൻ കാമുകനായ നടനെതിരെ പരാതിയുമായി നടി. 2017 ൽ ഒരു ഷൂട്ടിനിടെ പരിചയപ്പെട്ട 34കാരനായ നടൻ, താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയത്തിലാവുകയും, പിന്നീട് ബലമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നുമാണ് കേസ്.

പ്രണയത്തിലായ ശേഷം തന്നോട് മറ്റ് നടന്മാരോടൊപ്പം അഭിനയിക്കരുതെന്നും സുഹൃത്തുക്കളോട് സൗഹൃദം അവസാനിപ്പിക്കണമെന്നും നടൻ ആവശ്യപ്പെട്ടതായും നടിയുടെ പരാതിയിലുണ്ട്.

ഉത്തർപ്രദേശിലെ നോയ്‌ഡ സ്വദേശിയാണ് നടി. ഇവർ നടനെ കാണാൻ ഇടക്കിടെ ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് എത്തിയിരുന്നു. നടിയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(2) (n), 323, 504,506 വകുപ്പുകൾ പ്രകാരം മുംബൈ പൊലീസ് കേസെടുത്തു. നടൻ ഇപ്പോൾ മുംബൈയിലില്ലെന്നും അദ്ദേഹത്തിനായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.