മുംബൈ: സുഹൃത്തിനോട് സംസാരിച്ചതിന് കാമുകന്‍റെ അടിയേറ്റ് യുവതി കുഴഞ്ഞ് വീണ് മരിച്ചു. മുംബൈയിലെ മാന്‍ഖര്‍ഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. സീത പ്രധാന്‍ എന്ന 35കാരിയാണ് കാമുകന്‍ രാജു പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്. 

ശനിയാഴ്ചയാണ് സംഭവം നടന്നത്. മാന്‍ഖര്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു സീത. ഇത് കണ്ട് നിന്ന കാമുകന്‍ രാജു നേരെ ചെന്ന് സീതയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് ഉടന്‍ കുഴഞ്ഞു വീണ സീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  

സീതയുടെ മരണത്തില്‍ അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവൂവെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മാന്‍ഖര്‍ഡ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ നിഥിന്‍ ബോബ്ദെ അറിയിച്ചു.