ഒക്ടോബർ 26-ന് രാവിലെയാണ് വസുന്ധര ജാ​ഗ്രിതി റെസിഡന്റ് സൊസൈറ്റിയിലെ വീട്ടിൽ കയറി പ്രതാപ് സിങ് ശശാങ്കിനെ ആക്രമിച്ചത്. പ്രിയയും പ്രതാപും തമ്മിലുള്ള ബന്ധത്തെ ശശാങ്ക് എതിർത്തതോടെ ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ന്യൂഡൽഹി: യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യയും കാമുകനായ ജിം ട്രെയിനറും അറസ്റ്റിൽ. ഡൽഹി വസുന്ധര സെക്ടർ-1ൽ താമസിക്കുന്ന ഝാൻസി സ്വദേശി ശശാങ്ക് കാന്താരിയയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഭാര്യ പ്രിയ ശർമ, ജിം പരിശീലകനായ പ്രതാപ് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26-ന് രാവിലെയാണ് വസുന്ധര ജാ​ഗ്രിതി റെസിഡന്റ് സൊസൈറ്റിയിലെ വീട്ടിൽ കയറി പ്രതാപ് സിങ് ശശാങ്കിനെ ആക്രമിച്ചത്. പ്രിയയും പ്രതാപും തമ്മിലുള്ള ബന്ധത്തെ ശശാങ്ക് എതിർത്തതോടെ ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഡൽഹിയിൽ അക്കൗണ്ടന്റുമാരായ ശശാങ്കും പ്രിയയും നാലുവർഷം മുൻപാണ് വിവാഹിതരായത്. പ്രിയയുടെ രണ്ടാംവിവാഹമായിരുന്നു. വസുന്ധര സെക്ടർ-1 ലെ വീട്ടിലായിരുന്നു ദമ്പതിമാരുടെ താമസം. ഫിറ്റ്നെസ് ഹെഡ്ക്വാർട്ടേഴ്സ് എന്ന പേരിലുള്ള ജിമ്മിലെ ട്രെയിനറാണ് പ്രതാപ് സിങ്. എട്ടുമാസം മുൻപാണ് പ്രിയ ഈ ജിമ്മിൽ ചേർന്നത്. തുടർന്ന് പ്രിയയും ട്രെയിനറായ പ്രതാപും സൗഹൃദത്തിലായി. വാട്സാപ്പ് ചാറ്റിങ്ങും ആരംഭിച്ചു. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ഇതോടെ ഇരുവരും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. കാമുകനെ പ്രിയ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നതും പതിവായിരുന്നു. ചില ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് പ്രിയ ജോലിക്ക് പോയിരുന്നില്ല. ഈ ദിവസങ്ങളിൽ ഭർത്താവ് ജോലിക്ക് പോയതിന് ശേഷമാണ് കാമുകനായ പ്രതാപ് സിങ് പ്രിയയുടെ വീട്ടിലെത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെയാണ് പ്രിയയും പ്രതാപും തമ്മിലുള്ള ബന്ധം ശശാങ്ക് അറിഞ്ഞത്. ഇദ്ദേഹം ഭാര്യയുടെ രഹസ്യബന്ധത്തെ എതിർത്തു. ഇതുകാരണം പ്രദേശത്തുനിന്ന് താമസം മാറാനും തീരുമാനിച്ചു. ദീപാവലിക്ക് ശേഷം പുതിയ സ്ഥലത്തേക്ക് താമസം മാറാനായിരുന്നു തീരുമാനം. ഇതോടെയാണ് പ്രിയയും പ്രതാപ് സിങ്ങും ശശാങ്കിനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തത്. ഒക്ടോബർ 25ന് പ്രഭാതസവാരിക്കിടെ കണ്ടുമുട്ടിയ പ്രതികൾ പിറ്റേദിവസം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ഭർത്താവിനെ കത്തി ഉപയോ​ഗിച്ച് ആക്രമിക്കാൻ പറഞ്ഞത് പ്രിയയായിരുന്നു. തുടർന്ന് അന്നേദിവസം രാത്രി വാട്സാപ്പിലൂടെയും പ്രതികൾ പദ്ധതി ചർച്ച ചെയ്തു. ഇതനുസരിച്ച് ഒക്ടോബർ 26-ന് രാവിലെ പ്രിയ ജിമ്മിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി. വീടിന്റെ വാതിലും ​ഗേറ്റും അടയ്ക്കാതെയാണ് പ്രിയ പുറത്തേക്ക് പോയത്. ഈ സമയം പുറത്ത് കത്തിയുമായി കാത്തിരുന്ന പ്രതാപ് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ശശാങ്കിനെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു. നിരവധി തവണ ശശാങ്കിന് കുത്തേറ്റതായാണ് പൊലീസ് പറയുന്നത്. ഇദ്ദേഹം നിലവിളിച്ചതോടെ പ്രതി കടന്നുകളഞ്ഞു. തുടർന്ന് അയൽക്കാരും പൊലീസും ചേർന്നാണ് ശശാങ്കിനെ ആശുപത്രിയിൽ എത്തിച്ചത്.

യുവാവിനെ ആക്രമിക്കാൻ ഉപയോ​ഗിച്ച കത്തി പ്രതികളിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വധശ്രമത്തിന് പുറമേ ക്രിമിനൽ ​ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്.