യുപിയിലെ അറിയപ്പെടുന്ന ഭജൻ ഗായകനായ 45കാരൻ അജയ്പഥക് 42 വയസുള്ള ഭാര്യ സ്നേഹ, 16കാരിയായ മകള്‍ വസുന്ധര എന്നിവരെയാണ് വീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
ഉത്തർപ്രദേശ്: ഭജൻ ഗായകനേയും കുടുംബത്തെയും കഴുത്തറുത്ത് കൊന്ന സംഭവത്തിലെ പ്രതി ഹിമാൻഷു സെയ്നിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. യുപിയിലെ ഷാംലിയിലാണ് ഭജൻ ഗായകന്‍ അജയ് പഥക്ക്, ഭാര്യ സ്നേഹ, മകള്‍ വസുന്ധര എന്നിവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 വയസുള്ള മകന്റെ മൃതദേഹം ഹരിയാനയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. പണമിടപാട് സംബന്ധിച്ച പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി.
യുപിയിലെ അറിയപ്പെടുന്ന ഭജൻ ഗായകനായ 45കാരൻ അജയ്പഥക് 42 വയസുള്ള ഭാര്യ സ്നേഹ, 16കാരിയായ മകള്‍ വസുന്ധര എന്നിവരെയാണ് വീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വീട് പൂട്ടിയിട്ടിരിക്കുന്ന നിലയിലായിരുന്നതിനാൽ കുടുംബം യാത്ര പോയതായിരിക്കുമെന്ന് ബന്ധുക്കൾ കരുതി. എന്നാൽ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ വീട് കുത്തിതുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൂവരെയും കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറത്ത നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. കൂടാതെ 10 വയസുള്ള മകന്‍ ഭഗവത്തിനെയും കാണാതായിരുന്നു. വീട്ടിനുള്ളിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു. മോഷണം നടന്നിട്ടുണ്ടെന്നും കൊള്ള നടത്തിയത് അജയ് പഥക്കുമായി അടുപ്പമുള്ളവര്‍ തന്നെയാകുമെന്നും പൊലീസ് ഊഹിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജയ് പഥക്കിന്റെ സഹായി ആയിരുന്ന ഹിമാൻഷുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗായകനെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി...
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഹിമാന്‍ഷു അവിടെ എത്തിയതായി പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. തുടര്‍ന്ന് ഹരിയാനയിലെ പാനിപ്പത്തില്‍ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് കൃത്യം നടത്തിയതെന്നും പത്ത് വയസ്സുകാരൻ ഭഗവത്തിനെ കൊലപ്പെടുത്തി കാറിനുള്ളിലിട്ട് കത്തിച്ചതായും ഇയാൾ വെളിപ്പെടുത്തി. ഭഗവത്തിന്റെ കത്തിക്കരിഞ്ഞ മൃതദേഹവും കാറും പൊലീസ് കണ്ടെടുത്തു.
കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് കേസ് നല്‍കിയതാണ് അജയ് പഥക്കിനെയും കുടുംബത്തെയും വകവരുത്താനുള്ള കാരണമെന്നാണ് ഹിമാന്‍ഷുവിന്റെ മൊഴി. നാല് പേരുടെയും മൃതദേഹങ്ങള്‍ നശിപ്പിക്കാനായിരുന്നു ഹിമാന്‍ഷുവിന്റെ പദ്ധതി. എന്നാല്‍, ഭാരം കാരണം ആ പദ്ധതി ഉപേക്ഷിച്ചതായി ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിക്ക് മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
