അമ്രോഹ : ഉത്തർ പ്രദേശിലെ അമ്രോഹ ജില്ലയിലെ ഹസൻപൂരിലുള്ള ഡോംഖേഡാ ഗ്രാമത്തിൽ പതിനേഴുകാരനായ ദളിത് യുവാവ് മരണപ്പെട്ട വിഷയത്തിൽ ഔദ്യോഗിക പ്രതികരണവുമായി അമ്രോഹ എസ്‌പി വിപിൻ ടാഡ. കൊല്ലപ്പെട്ട വികാസ് ജാടവിന്റെ ജ്യേഷ്ഠനും, അക്രമികളുമായി നിലനിന്നിരുന്ന സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ള തർക്കമാണ് ഈ കൊലയിലേക്ക് നയിച്ചത് എന്ന് എസ്പി പറഞ്ഞു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന വികാസിനെ ലാലാ ചൗഹാൻ, ഹോറം ചൗഹാൻ, ജസ്‌വീർ ചൗഹാൻ, റോഷൻ ചൗഹാൻ എന്നിവർ അടങ്ങിയ അക്രമിസംഘം വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകയറി വെടിവെച്ചു കൊല്ലുകയാണ് ഉണ്ടായത്. 

പട്ടികജാതി വിഭാഗക്കാരനാണ് കൊല്ലപ്പെട്ട വികാസ് എന്ന പന്ത്രണ്ടാം ക്‌ളാസ് വിദ്യാർത്ഥി. ഗ്രാമത്തിലെ ഉയർന്ന ജാതിയിൽ പെട്ടവരാണ് കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നവർ. വികാസിന്റെ മൂത്ത സഹോദരൻ ദിനേശും അക്രമിസംഘത്തിൽ ഉണ്ടായിരുന്ന ഹോറാം ചൗഹാനും ചേർന്ന് ഒരു മാവിൻ തോട്ടത്തിൽ നിന്ന് മാങ്ങപറിക്കാനുള്ള കോൺട്രാക്ട് എടുത്തിരുന്നു, അവർ ചേർന്ന് തേനീച്ചവളർത്തലും ഉണ്ടായിരുന്നുവത്രെ. ഈ കച്ചവടം താമസിയാതെ തെറ്റിപ്പിരിഞ്ഞു എന്നും, ആ കണക്കിൽ അയ്യായിരം രൂപ ഹോറാമിന് വികാസിന്റെ സഹോദരനിൽ നിന്ന് കിട്ടാനുണ്ടായിരുന്നു എന്നും അമ്രോഹ എസ്‌പി വിപിൻ ടാഡ പറഞ്ഞു.

കിട്ടാനുള്ള പണം പലവട്ടം ചോദിച്ചിട്ടും കിട്ടാഞ്ഞതിന്റെ പേരിലാണ് മെയ് 31 -ന് ആദ്യ തർക്കം ഉണ്ടായത് എന്നും, അന്ന് വികാസിന്റെ പക്ഷത്ത് ആളുകൂടുതൽ ആയതുകൊണ്ട്, വികസിന്റെയും സംഘത്തിന്റെയും അടിക്കു മുന്നിൽ  ഹോറാം ചൗഹാന് പിടിച്ചു നിൽക്കാനായില്ലഎന്നും എസ്പി പറഞ്ഞു. അന്ന് ഗ്രാമം വിട്ടോടിയ ചൗഹാൻ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയും, അവിടെ വെച്ച് അയാൾ സ്നേഹിതനുമായിച്ചേർന്ന് മാനഹാനിക്ക് പ്രതികാരം ചെയ്യാൻ വേണ്ട പ്ലാനിങ് നടത്തുകയുമാണുണ്ടായത് എന്നും എസ്പി പറഞ്ഞു. പ്രതികാരം വീട്ടാൻ വേണ്ടി സഹായികളോടൊത്ത്  ശനിയാഴ്ച രാത്രി തിരികെ ഗ്രാമത്തിലെത്തിയ ഹോറാം ചൗഹാൻ  വികാസിന്റെ വീട്ടിലെത്തി അവിടെ മുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന നേരെ വെടിയുതിർക്കുകയാണുണ്ടായത് എന്ന് എസ്‌പി പറഞ്ഞു. 

ഇത് ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചതുമായി ബന്ധപ്പെട്ടു നടന്ന തർക്കത്തിന്റെ തുടർച്ചയായിട്ടാണ് ഈ കൊലപാതകം നടന്നത് എന്നതരത്തിലുള്ള  റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നിരുന്നത്. ഞായറാഴ്ച വൈകീട്ടോടെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം അമ്രോഹ എസ്‌പി വിപിൻ ടാഡയുടെ ഭാഗത്തു നിന്ന് വന്നിരിക്കുന്നത്. 

 

എന്നാൽ, ഈ വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥ ഉണ്ടായിട്ടുണ്ട് എന്നും, ഈ കൊലപാതകം ജാതിവെറിയുടെ പേരിൽ നടന്നതാണ് എന്നുമാണ് കൊല്ലപ്പെട്ട വികാസ് ജാടവിന്റെ ബന്ധുക്കൾ ആവർത്തിക്കുന്നത്. അവരുടെ വാദം ഇങ്ങനെ. "വികാസും കസിൻ സഹോദരനായ ദിലെ സിങ്ങും ഒന്നിച്ച് മെയ് 31 -ന് ഗ്രാമത്തിലെ അമ്പലത്തിലേക്ക് പോകും വഴിയാണ് ആദ്യത്തെ വഴക്കുണ്ടാകുന്നത്. അപ്പോൾ, ചൗഹാൻ കുടുംബത്തിലെ രണ്ടു പേർ എത്തി അവരെ അമ്പലത്തിൽ കയറുന്നതിൽ നിന്ന് വിലക്കി. അവരെ മർദ്ദിക്കുകയും ചെയ്തിരുന്നു. അടികൊണ്ട രണ്ടുപേരും ചേർന്ന് അന്നുതന്നെ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടിരുന്നു.  ആ പരാതിയിന്മേൽ ഒരു നടപടിയും ഉണ്ടായില്ല എന്നുമാത്രമല്ല, പരാതി കിട്ടിയ വിവരം ചൗഹാൻമാർ അറിയുകയും ചെയ്തു. പരാതിയെപ്പറ്റി അറിഞ്ഞശേഷമാണ് ഇപ്പോൾ ഇങ്ങനെ ഒരു കടുംകൈ അവരുടെ ഭാഗത്തു നിന്ന് വീണ്ടും ഉണ്ടായിരിക്കുന്നത്  "

കൊല്ലപ്പെട്ട വികാസിന്റെ വീടിന് അടച്ചുറപ്പുള്ള വാതിലോ താമസിച്ചിരുന്ന പറമ്പിനു നല്ലൊരു മതിൽക്കെട്ടോ ഒന്നും ഉണ്ടായിരുന്നില്ല. വീടിനകത്തെ ചൂട് സഹിയാതെ വികാസും ഒന്ന് രണ്ടു ബന്ധുക്കളും ചേർന്ന് വീടിന്റെ മുറ്റത്തുള്ള മരച്ചുവട്ടിൽ കയറ്റുകട്ടിൽ ഇട്ട് കൊതുകുതിരിയും കത്തിച്ചാണ് കിടന്നുറങ്ങിയത്. ആ ഉറക്കത്തിനിടെയായിരുന്നു ചൗഹാൻ കുടുംബത്തിന്റെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. വെടിയൊച്ച കേട്ടുണർന്ന മറ്റുബന്ധുക്കൾ ഓടിപ്പോകുന്ന ചൗഹാൻമാരെ കണ്ടതായി മൊഴി നൽകിയിട്ടുണ്ട്. 

എന്തായാലും കൊലനടന്ന ശേഷം രണ്ട് അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട് പൊലീസ്. ഹോറാം ചൗഹാനും ഒരു സഹായിയും അറസ്റ്റിലായിട്ടുണ്ട് എന്ന് എസ്പി പറഞ്ഞു. ശേഷിക്കുന്നവർ അധികം താമസിയാതെ അറസ്റ്റുചെയ്യപ്പെടും എന്നും അമ്രോഹ എസ്‌പി വിപിൻ ടാഡ തന്റെ പ്രതികരണത്തിൽ അറിയിച്ചു. എന്തായാലും സംഭവത്തെ തുടർന്ന് പ്രദേശത്ത് ജനം ആകെ ഇളകി മറിഞ്ഞിരിക്കുകയാണ്. കനത്ത പൊലീസ് ബന്തവസ്സ്‌ സ്ഥലത്ത് ഏർപ്പെടുത്തിയിട്ടുണ്. അധികം താമസിയാതെ ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ് തുടങ്ങി പല ദളിത് ആക്ടിവിസ്റ്റുകളും സ്ഥലത്തെത്താൻ ഇടയുണ്ടെന്ന് ഹിന്ദുസ്ഥാൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.