2016 മെയ് മാസത്തിൽ നടന്ന സംഭവമാണിത്. അസമുകാരനായ ഉമാനന്ദ് നാഥിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഇയാളെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. 

തൃശൂർ: തൃശൂർ മാളയിൽ അതിഥി തൊഴിലാളിയെ തലക്കടിച്ച് കൊന്ന കേസിൽ ഒരാള്‍ അറസ്റ്റില്‍. അസം സ്വദേശിയായ ഉമാനന്ദ് നാഥിനെ (35) കൊന്ന കേസില്‍ മനോജ് (30) ആണ് പിടിയിലായത്. ആറ് വർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതി പൊലീസിന്‍റെ പിടിയിലായത്. സൈബർ പൊലീസിന്‍റെ ആറ് വർഷത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടുന്നത്. രണ്ട് അസം സ്വദേശികള്‍ തമ്മിലുള്ള സംഘർഷമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്.

2016 മെയ് 9 -ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസം സ്വദേശിയായ ഉമാനന്ദ് നാഥിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മനോജാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാള പൊലീസ് അസം കേന്ദ്രീകരിച്ച് നിരവധി തവണ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, അപ്പോഴൊന്നും പിടിയിലാകാതിരുന്ന മനോജിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. 

ഉമാനന്ദ് നാഥിനെ തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മനോജ്, മൃതദേഹം കത്തിച്ച് കള‍ഞ്ഞിരുന്നു. ഇതോടെ ആരുടെ മൃതദേഹമാണിതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കേസിന്‍റെ ആദ്യഘട്ടത്തില്‍ മനോജാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസ് കരുതിയിരുന്നത്. കേസിന്‍റെ ഭാഗമായി പൊലീസ് പല തവണ അന്വേഷിച്ച് അസമിലേക്ക് പോയെങ്കിലും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. പ്രതിയുടെ ബാങ്ക് അക്കൗണ്ട്, മൊബൈൽ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം. ഈ അടുത്ത സമയത്താണ് പ്രതിയുടെ മൊബൈൽ വീണ്ടും പ്രവര്‍ത്തന സജ്ജമായത്. അങ്ങനെയാണ് പ്രതി മനോജാണെന്നും കൊല്ലപ്പെട്ടത് ഉമാനന്ദ് നാഥാണെന്നും പൊലീസിന് സ്ഥിരീകരിക്കാനും ഇയാളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു. 

അതിഥി തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്ന അസം സ്വദേശി പിടിയിൽ| Crime News