പട്ന: ലൈംഗിക ചൂഷണത്തെ തുടര്‍ന്ന് ബിഹാറിലെ അഭയകേന്ദ്രത്തില്‍നിന്ന് മോചിപ്പിക്കപ്പെട്ട 14 കാരി കൂട്ടബലാത്സംഗത്തിനിരയായി. ഓടുന്ന കാറില്‍വെച്ച് നാല് പേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വെസ്റ്റ് ചമ്പാരനിലാണ് സംഭവം. പെണ്‍കുട്ടി ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ മുഖംമൂടി ധരിച്ച നാലംഗ സംഘം ബൊലേറോ കാറില്‍ എത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ബലാത്സംഗം ചെയ്ത രണ്ട് പേരെ തിരിച്ചറിയാനാകുമെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് ചമ്പാരന്‍ എസ്പി ജയന്ത്കാന്തി മാധ്യമങ്ങളോട് പറ‌ഞ്ഞു. 2018ലാണ് മുസഫര്‍പുരിലെ അഭയകേന്ദ്രത്തില്‍നിന്ന് ലൈംഗിക ചൂഷണത്തെ തുടര്‍ന്ന് 33 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്.