Asianet News MalayalamAsianet News Malayalam

മരണത്തിന് മുമ്പെത്തിയ ആ ഫോൺ കോള്‍ ആരുടേത്? മലയാളി യുവാവിന്‍റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം

നാട്ടിൽ നിന്ന് ഒരു ഫോൺ കോള്‍ വന്ന ശേഷമാണ് ബിനീഷ് നിരാശനായതെന്ന് ചെന്നൈയിലെ സുഹൃത്തുക്കള്‍ പറയുന്നു

mystery behind a phone call kozhikode native death in chennai
Author
Kozhikode, First Published Jun 8, 2020, 9:41 AM IST

കോഴിക്കോട്: നാട്ടിലെത്താനാവാത്ത നിരാശയില്‍ മലയാളി യുവാവ് ചെന്നൈയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും. വടകര മണിയൂര്‍ സ്വദേശി ബിനീഷ് യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് ജീവനൊടുക്കിയത് ഒരു ഫോണ്‍കോള്‍ വന്നതിനെത്തുടര്‍ന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ബിനീഷ് നാട്ടിലേക്ക് മടങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു. ജൂൺ മൂന്നിന് നാട്ടിലെത്തുമെന്നും വീട്ടിൽ ക്വാറന്‍റീൻ സൗകര്യമൊരുക്കണമെന്നും ബിനീഷ് അമ്മയെയും സഹോദരിയേയും അറിയിച്ചിരുന്നു.

നാട്ടിലേക്ക് വരാൻ പാസ് കിട്ടിയതിൽ ബിനീഷ് ഏറെ സന്തോഷത്തിലുമായിരുന്നു. എന്നാല്‍ കുടുംബത്തെ തേടി എത്തിയത് ബിനീഷിന്‍റെ മരണവാർത്തയാണ്. നാട്ടിൽ നിന്ന് ഒരു ഫോൺ കോള്‍ വന്ന ശേഷമാണ് ബിനീഷ് നിരാശനായതെന്ന് ചെന്നൈയിലെ സുഹൃത്തുക്കള്‍ പറയുന്നു. ഫോണ്‍ പരിശോധിച്ച് വിളിച്ചതാരെന്ന് കണ്ടെത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഉടന്‍ പൊലീസില്‍ പരാതി നല്‍കും.

ചെന്നൈയില്‍ നിന്ന് മലപ്പുറത്തേക്കുളള കെഎസ്ആര്‍ടിസി ബസിലായിരുന്നു ബിനീഷിന് പാസ് കിട്ടിയത്. മലപ്പുറത്ത് നിന്ന് നാട്ടിലെത്തുന്നത് സംബന്ധിച്ച കാര്യങ്ങളറിയാന്‍ ബിനിഷ് പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടിരുന്നു. വീട്ടിലെത്താന്‍ ആംബുലന്‍സ് സൗകര്യം ഒരുക്കാമെന്ന് ബിനീഷിനെ അറിയിച്ചിരുന്നതായി പഞ്ചായത്ത് അധികൃതരും പറയുന്നു. അതേസമയം, മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിക്ക് രൂപം നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

Follow Us:
Download App:
  • android
  • ios