കോഴിക്കോട്: നാദാപുരത്ത് വച്ച് പേരാന്പ്ര സ്വദേശിയായ അജ്നാസിനെ തട്ടിക്കൊണ്ട് പോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വടകര കടമേരി സ്വദേശികളായ ഷബീര്‍, ഹാരിസ് എന്നിവരെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ ആറായി.

ഫെബ്രുവരി 19 ന് നാദാപുരത്ത് നിന്ന് അജ്നാസിനെ തട്ടിക്കൊണ്ട് പോകുന്നതില്‍ നേരിട്ട് പങ്കാളികളായവരെയാണ് പൊലീസ് പിടികൂടിയത്. കടമേരി സ്വദേശികളായ തെയ്യത്തംകാട്ടില്‍ ഷബീര്‍, താഴെപനങ്ങാട് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. അജ്നാസിനെ തട്ടിക്കൊണ്ട് പോയ ഇന്നോവ കാര്‍ ഓടിച്ചയാളാണ് ഷബീര്‍. തമിഴ്നാട്ടിലെ കോത്തഗിരിയിലേക്ക് കൊണ്ട് പോകുമ്പോള്‍ കാറില്‍ ഉണ്ടായിരുന്നയാളാണ് ഹാരിസ്.

കോത്തഗിരിയിലെ ഒരു തേയിലത്തോട്ടത്തിന് നടുവിലുള്ള ഹോട്ടലിലേക്കാണ് സംഘം അജ്നാസിനെ കൊണ്ട് പോയത്. വാഹത്തില്‍ വച്ച് അജ്നാസിനെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇപ്പോള്‍ അറസ്റ്റിലായവരെ കൂടാതെ നേരത്തെ അറസ്റ്റിലായ കടമേരി സ്വദേശി മീത്തലെ അടയങ്ങാട് അന്‍സാര്‍, വില്യാപ്പള്ളി സ്വദേശി കുന്നോത്ത് മുഹമ്മദ് എന്നിവരും കാറില്‍ ഉണ്ടായിരുന്നു.

നമ്പര്‍ പ്ലേറ്റ് നീക്കിയ ഇളം നീല നിറമുള്ള ഇന്നോവ കാറിലാണ് നാദാപുരത്ത് നിന്ന് അജ്നാസിനെ കയറ്റിക്കൊണ്ട് പോയത്. കാറില്‍ പല വഴികളിലൂടെ കിലോമീറ്ററുകള്‍ കറക്കിയ ശേഷം വില്യാപ്പള്ളി ചേരിപ്പൊയില്‍ പള്ളി ഗ്രൗണ്ടില്‍ വച്ച് വെള്ള ഇന്നോവ കാറിലേക്ക് മാറ്റിക്കയറ്റി. ഈ വാഹനത്തിലാണ് കോത്തഗിരിയില്‍ എത്തിച്ചത്.

അവിടെയെത്തി മണിക്കൂറുകള്‍ക്കകം തന്നെ സംഘം അജ്നാസിനെ വിട്ടയക്കുകയായിരുന്നു. പ്രധാന സൂത്രധാരനായ കാര്‍ത്തികപ്പള്ളി സ്വദേശി തോട്ടോളി ഫൈസലിനെ നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഫൈസലിന് വേണ്ടി കൊണ്ട് വന്ന ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം മട്ടന്നൂരില്‍ വച്ച് അജ്നാസ് തട്ടിയെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അജ്നാസിനെ സംഘം തട്ടിക്കൊണ്ട് പോയത്.സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.