ദില്ലി: ഈ വർഷം രാജ്യം കണ്ട ഏറ്റവും വലിയ ലഹരി വേട്ട രാജസ്ഥാനിൽ. 234 കിലോ കറുപ്പാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത്. 2020ല്‍  രാജ്യത്ത് പിടികൂടിയ ലഹരി വസ്തുക്കളില്‍ ഏറ്റവും വലിയ ശേഖരമാണ് ഇതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നതെന്നാണ് എന്‍ടി ടിവി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ചിറ്റോഗഡിലെ ഷാദി ഗ്രാമത്തില്‍ നിന്നാണ് ജൂലൈ 19ന് വലിയ രീതിയില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയത്. 

ആര്‍ ലാല്‍ എന്നയാളുടെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ജോധ്പൂര്‍ സോണല്‍ യൂണിറ്റ് നടത്തിയ റെയ്ഡിലാണ് 233.97 കിലോഗ്രാം കറുപ്പ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബില്‍വാര ജില്ലക്കാരനായ എം കെ ധകത് എന്നയാളടക്കം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കറുപ്പ് കൊണ്ടുവരാനായി ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചിറ്റോര്‍ഗഡില്‍ നിയമാനുസൃതമായി കറുപ്പ് വളര്‍ത്തുന്ന ഇടത്ത് നിന്ന് ശേഖരിച്ചതാണ് കറുപ്പ് എന്നാണ് പ്രാഥമിക നിഗമനം. ജോധ്പൂരിലേക്ക് കൊണ്ടുപോകാനായി എത്തിച്ചതായിരുന്നു ഇത്. മധ്യ പ്രദേശ്, രാജസ്ഥാന്‍ ബന്ധമുള്ള ലഹരിക്കടത്ത് സംഘങ്ങളെയാണ് സംഭവത്തില്‍ സംശയിക്കുന്നത്. 

പോപ്പി ചെടിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കറയായ കറുപ്പ് സംസ്കരിച്ച ശേഷമാണ് ഹെറോയിന്‍ നിര്‍മ്മിക്കുന്നത്. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് നിയമാനുസൃതമായി പോപ്പി ചെടിയുടെ ഉത്പാദനത്തിന് അനുമതിയുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പോപ്പി ചെടി വളര്‍ത്താനനുമതിയുള്ളവര്‍ക്ക് സംഭവവുമായി ബന്ധമുള്ളതായി സംശയമുണ്ടെന്നും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെപിഎസ് മല്‍ഹോത്ര ദില്ലിയില്‍ പറഞ്ഞു. മധ്യപ്രദേശിലെ മാണ്ഡാസുര്‍, നീമുച്ച്, രത്ലം ജില്ലയിലും രാജസ്ഥാനിലെ ചിറ്റോര്‍ഗഡ്, ജാലാവാര്‍ ജില്ലയിലുള്ള ചില പോപ്പി കര്‍ഷകര്‍ക്ക് ഇതുമായി ബന്ധമുള്ളതായി സംശയിക്കുന്നതായും കെ പി എസ് മല്‍ഹോത്ര വിശദമാക്കിയതായി എന്‍ടി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.