Asianet News MalayalamAsianet News Malayalam

നെടുമങ്ങാട് ശൈശവ വിവാഹം; പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പനവൂർ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിൽ കാർമ്മികത്വം നടത്തിയ ഉസ്താദുമാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. 

nedumangad child marriage three arrested
Author
First Published Jan 23, 2023, 10:28 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പെൺകുട്ടിയെ പീഡ‍ിപ്പിച്ച പ്രതിയെക്കൊണ്ട് 16 വയസുള്ള അതേ പെൺകുട്ടിയെ ശൈശവ വിവാഹം കഴിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റിൽ. വിവാഹം കഴിച്ച പനവൂര്‍ സ്വദേശി അൽ അമീര്‍, പെൺകുട്ടിയുടെ അച്ഛൻ, വിവാഹം നടത്തിക്കൊടുത്ത തൃശ്ശൂര്‍ സ്വദേശിയായ ഉസ്താദ് അൻസാര്‍ സാദത്ത് എന്നിവരാണ് പിടിയിലായത്. പീഡനക്കേസിൽ നാല് മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ അൽ അമീര്‍ ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിച്ചതെന്നാണ് പെൺകുട്ടിയുടെ അച്ഛൻ നൽകിയ മൊഴി.

ബുധനാഴ്ച പ്ലസ് വൺ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു ശൈശവ വിവാഹം. 2021ൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായാണ് വരൻ പനവൂര്‍ സ്വദേശി 23 വയസുള്ള അൽ അമീര്‍. നാല് മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷം നിരന്തരം വിവാഹാഭ്യാര്‍ത്ഥന നടത്തി. പെൺകുട്ടിയുടെ അച്ഛൻ വിസമ്മതിച്ചപ്പോൾ വാക്കേറ്റവും വഴക്കുമായി. ഒടുവിൽ സഹികെട്ടാണ് മകളുടെ വിവാഹം നടത്തിയതെന്നാണ് അച്ഛൻ നൽകിയ മൊഴി. 

തൃശ്ശൂര്‍ സ്വദേശിയും പനവൂരിൽ വാടകയ്ക്ക് താമസിക്കുന്നയാളും ഉസ്താദുമായ അൻസാര്‍ സാദത്തിന്‍റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അൽ - അമീർ രണ്ട് പീഡന കേസിലും അടിപിടി കേസിലും പ്രതിയാണ്. പെൺകുട്ടി സ്കൂളിൽ ഹാജരാക്കാത്തതിനാൽ സ്കൂൾ അധികൃതർ വീട്ടിൽ തിരക്കിയപ്പോൾ സമീപ വാസികളിൽ നിന്നാണ് വിവാഹ കാര്യം അറിയുന്നത്. സ്കൂൾ അധികൃതര്‍ അറിയിച്ചതിന് പിന്നാലെ പൊലീസ് പെൺകുട്ടിയെ കൗൺസിലിംഗ് നടത്തിയപ്പോഴാണ് വിവാഹത്തെക്കുറിച്ച് പറയുന്നത്. പോക്സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ്. പ്രതികളായ മൂന്നുപേരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. അമ്മ മരിച്ചുപോയ പെൺകുട്ടിയ പൊലീസ് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി.

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മന്ത്രവാദി പിടിയിൽ

Follow Us:
Download App:
  • android
  • ios