നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നടപടി താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരിൽ ഒതുക്കിയതിനെതിരെ വൻ പ്രതിഷേധമാണ് സേനയിൽത്തന്നെ ഉയർന്നത്. ഇപ്പോൾ ഉയർന്ന ഉദ്യോഗസ്ഥരിലേക്ക് കൂടി നടപടി എത്തുകയാണ്. 

തിരുവനന്തപുരം: ഇടുക്കി എസ്‍പി കെ ബി വേണുഗോപാലിനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനം. ഇടുക്കിയുടെ ക്രമസമാധാനച്ചുമതലയിൽ നിന്നാണ് എസ്‍പിയെ നീക്കിയിരിക്കുന്നത്. എന്നാൽ പുതിയ ചുമതല തൽക്കാലം നൽകേണ്ടതില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്‍റയുടെ തീരുമാനം.

കെ ബി വേണുഗോപാലിനെതിരെ കടുത്ത നടപടി വരാൻ സാധ്യതയെന്നാണ് സൂചനകൾ ലഭിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തി എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നൽകുന്ന ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക. 

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നടപടി താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരിൽ ഒതുക്കിയതിനെതിരെ വൻ പ്രതിഷേധമാണ് സേനയിൽത്തന്നെ ഉയർന്നത്. ഇപ്പോൾ ഉയർന്ന ഉദ്യോഗസ്ഥരിലേക്ക് കൂടി നടപടി എത്തുകയാണ്. 

രാജ്‍കുമാറിനെ കസ്റ്റഡിയിൽ എടുത്തതും മർദ്ദിച്ചതും ഇടുക്കി എസ്പി കെ ബി വേണുഗോപാലിന്‍റെ അറിവോടെയെന്ന സൂചനകൾ നേരത്തേ പുറത്തു വന്നിരുന്നതാണ്. അപ്പോഴും ഉന്നത ഉദ്യോഗസ്ഥനെ തള്ളിപ്പറയാൻ ഇടുക്കിയിൽ നിന്നുള്ള മന്ത്രി എം എം മണി തയ്യാറായിരുന്നില്ല. പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരെയെല്ലാം പ്രതിയാക്കാനാകില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിനെ ഉന്നം വച്ച് മന്ത്രി പറഞ്ഞത്.

അതേസമയം, ഇന്നും നെടുങ്കണ്ടം കസ്റ്റഡിമരണം നിയമസഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇടുക്കി എസ്‍പിയെ ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെല്ലാം. ഇടുക്കിയുടെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിയാൽപ്പോര, എസ്‍പിയെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. സാധാരണ പൊലീസുകാരിൽ നടപടി ഒതുക്കി ഇടുക്കി എസ്‍പിയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ആരോപണ വിധേയനായ എസ്‍പിയുമായി മന്ത്രി എം എം മണി വിവാഹവീട്ടിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. 

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഭരണപക്ഷവും മറുപടിയുമായി എഴുന്നേറ്റു. തുടർന്ന് സഭയിൽ ബഹളമായി. 

ഇതിനിടെ, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റതാണ് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാറിന്‍റെ മരണത്തിന് കാരണമെന്ന് പറയുന്ന ക്രൈംബ്രാഞ്ചിന്‍റെ റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നു. രാജ്‍കുമാർ മരിച്ചത് കടുത്ത ന്യൂമോണിയ ബാധിച്ചാണ്. ഇതിന് വഴി വച്ചത് ക്രൂരമായ മർദ്ദന മുറകളാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. എസ്ഐ കെ എ സാബുവിന്‍റെയും സിവിൽ പൊലീസ് ഓഫീസറും ഡ്രൈവറുമായ സജീവ് ആന്‍റണിയുടെയും റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

ഇതിനിടെ, ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പീരുമേട് ജയിലിൽ പരിശോധന നടത്തി. രാജ്‍കുമാറിന് റിമാൻഡിലിരിക്കെ കൃത്യമായ ചികിത്സ നൽകുന്നതിൽ ജയിലധികൃതർക്ക് വീഴ്‍ച പറ്റിയോ എന്നാണ് ഋഷിരാജ് സിംഗ് പരിശോധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ജയിലധികൃതർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി.

Read More: രാജ്‍കുമാറിന്‍റെ മരണകാരണം കസ്റ്റഡിയിലെ ക്രൂരമർദ്ദനം: പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്