നാട്ടുകാർ രാജ്കുമാറിനെ മർദ്ദിച്ചിരുന്നെങ്കിലും അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന പീഡനമായിരുന്നില്ലെന്ന് ശാലിനി
ഇടുക്കി: തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശാലിനി. രാജ്കുമാറിന്‍റെ സ്ഥാപനത്തിൽ കോടികളുടെ ഇടപാട് നടന്നിട്ടില്ല. നടന്നത് 15 ലക്ഷത്തിന്‍റെ ബിസിനസ് മാത്രമാണെന്നും ശാലിനി പറഞ്ഞു.
വായ്പക്കായാണ് താനും രാജ്‌കുമാറിനെ സമീപിച്ചതെന്നും സംഘത്തിൽ ആളെ ചേർത്തത് കൊണ്ടാണ് തന്നെ എംഡിയാക്കിയതെന്നും ശാലിനി പറഞ്ഞു. കൂലിപ്പണിക്കാരിയായിരുന്ന തന്നെ ജീവനക്കാരിയാക്കിയത് രാജ്കുമാറാണെന്നും ശാലിനി കൂട്ടിച്ചേർത്തു.
നാട്ടുകാർ രാജ്കുമാറിനെ മർദ്ദിച്ചിരുന്നെങ്കിലും അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന പീഡനമായിരുന്നില്ല. തട്ടിപ്പ് നടത്തി എന്ന് പറയപ്പെടുന്ന ഒരാളെ മർദ്ദിക്കും പോലെ ജനം ഉപദ്രവിച്ചിരുന്നു. എന്നാൽ, പൊലീസുകാർ രാജ്കുമാറിനെ ക്രൂരമായി മർദ്ദിച്ചിരുന്നെന്നും ശാലിനി പറഞ്ഞു.
ഇക്കഴിഞ്ഞ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ്‍ജയിലിൽ മരിച്ചത്. രാജ്‍കുമാറിന് കസ്റ്റഡി മർദ്ദനം ഏറ്റിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നും കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
