. കൊല്ലത്ത് ഇതേ സാഹചര്യത്തിൽ ഉത്തരയെന്ന യുവതിയെ പാമ്പിനൊകൊണ്ടു കടിപ്പിച്ചു കൊലപെടുത്തിയ കേസും പൊലീസ് പരിശോധിച്ചു

ചേര്‍ത്തല: ഭാര്യയെ കഴുത്തുഞെരിച്ചു കൊലചെയ്ത കേസിൽ പിടിയിലായ അപ്പുക്കുട്ടൻ തെളിവെടുപ്പിനിടെ ഏറെനേരവും പൊലീസിനു മുന്നിൽ നിന്നത് കുറ്റബോധമില്ലാതെയും കൂസലില്ലാതെയും. പൊലീസിന് മുന്നിൽ കുറ്റകൃത്യം സമ്മതിച്ച അപ്പുക്കുട്ടൻ തെളിവെടുപ്പിനെത്തിച്ചപ്പോഴും വിവരങ്ങൾ നൽകി. കിടപ്പുമുറിയിലും കുളിമുറിയിലും പൊലീസ് തെളിവെടുത്തപ്പോൾ ഇയാൾ കാര്യങ്ങൾ വിശദീകരിച്ചത്. മരണം നടന്ന കുളിമുറയിലെത്തിച്ചപ്പോഴായിരുന്നു പ്രതി ഒന്നുപതറിയത്. കുളിമുറിയിൽ വെച്ചാണ് കൊലപാതകം നടന്നത്. മനോദൗർലഭ്യമുള്ള നവവധു ഹേന (42)യുടെ കൊലപാതകം നടന്ന വീട്ടിൽ വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപ്പുക്കുട്ടനെ തെളിവെടുപ്പിനായി എത്തിച്ചത്. കുറ്റസമ്മതം നടത്തിയതു മുതൽ ഇയാൾ എല്ലാ കാര്യങ്ങളെയും നിസ്സാരമായി പ്രതിഫലിപ്പിച്ചാണ് പൊലീസിന് മൊഴി നൽകി സഹകരിച്ചത്.

കൊലപാതകം തെളിഞ്ഞത് പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിൽ

ഹേനയുടെ മരണത്തിനു പിന്നിലെ കൈകൾ പുറത്തുവന്നത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ്. യുവതിയുടെ ബന്ധുക്കൾ സംശയമുയർത്തിയ സാഹചര്യത്തിൽ മൃതദേഹം പൊലീസ് സർജ്ജനാണ് പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ സംശയകരമായ പരിക്കുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ശാസ്ത്രീയ അന്വേഷണം തുടങ്ങിയത്. കൊല്ലത്ത് ഇതേ സാഹചര്യത്തിൽ ഉത്തരയെന്ന യുവതിയെ പാമ്പിനൊകൊണ്ടു കടിപ്പിച്ചു കൊലപെടുത്തിയ കേസും പൊലീസ് പരിശോധിച്ചു. വീട്ടിൽ നിന്നും ശാസത്രീയ തെളിവുകൾ ശേഖരിച്ച പൊലീസ് കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ദൻ ഡോ. എൻ കെ ഉന്മേഷിന്‍റെ വിദഗ്ദസേവനവും തേടിയിരുന്നു. എല്ലാ പഴുതുകളും അടച്ചതിനു ശേഷമാണ് അപ്പുക്കുട്ടനെ അറസ്റ്റുചെയ്തത്. ചേർത്തല ഡി വൈ എസ് പി, ടി ബി വിജയന്റെ നേതൃത്വത്തിൽ ചേർത്തല സ്റ്റേഷൻ ഓഫീസർ ബി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല. ഇതിനൊപ്പം താലൂക്കിലെ വിവിധ സ്റ്റേഷൻ ഓഫീസർമാരായ പി ജി മധു (അർത്തുങ്കൽ), എം അജയമോഹൻ (പൂച്ചാക്കൽ), എസ് സുബ്രഹ്മണ്യൻ (അരൂർ) എന്നിവരുടെ നേതൃത്വത്തിള്ള പ്രത്യേക സംഘവും അന്വേഷണത്തിനായി രൂപം നൽകിയിരുന്നു.

അപ്പുക്കുട്ടൻ റിമാൻഡിൽ, കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്

ഹേന കൊലപാതക കേസിൽ തെളിവെടുപ്പിനെത്തിച്ച ഭർത്താവ് അപ്പുക്കുട്ടനെ, പിന്നീട് പൊലീസ് കോടതിയിൽ ഹാജരാക്കി. ഇയാളെ 15 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പിന്നീട് ഇയാളെ ആലപ്പുഴ സബ്ബ് ജയിലിലേക്കുമാറ്റി. അപ്പുക്കുട്ടനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നടപടികൾ തുടങ്ങി. സ്ത്രീധനം ആവശ്യപെട്ടുള്ള പീഡനമാണ് കൊലക്കു കാരണമെന്ന ബന്ധുക്കളുടെ പരാതിയിൽ കൂടുതൽ അന്വേഷണത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഹേനയുടെ വീട്ടുകാരമായി നടത്തിയ പണമിടപാടുകളിൽ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും ഇയാൾക്കെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. നിലവിൽ കൊലപാതകത്തിനും ഗാർഹിക പീഢനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 26നാണ് ഹേനയെ കാളികുളം അനന്തപുരം വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിപ്പിക്കാനുള്ള ശ്രമത്തിനിടെ ഹേന എതിർപ്പുയർത്തിയപ്പോൾ നടത്തിയ മർദ്ദനത്തിനിടെയാണ് മരിച്ചതെന്നാണ് വ്യക്തമാകുന്നത്. തലക്കുള്ളിലെ 13 പരിക്കുകൾ ഉൾപ്പെടെ 28 ഭാഗങ്ങളിൽ പരിക്കുണ്ടായിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.

ഹേനയെ പുറത്തിറക്കിയിരുന്നില്ല, മരണവിവരം അയൽവാസികൾ അറിയുന്നത് ശവസംസ്ക്കാരം കഴിഞ്ഞ ശേഷം