Asianet News MalayalamAsianet News Malayalam

'ഖത്തറിൽ വച്ച് പ്രണയം, നേപ്പാൾ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളിയുടെ ജാമ്യാപേക്ഷ തള്ളി

വിവാഹാവശ്യം ഉന്നയിച്ച യുവതിയെ കാര്യങ്ങള്‍ സംസാരിക്കാമെന്നു പറഞ്ഞ് സുഹൃത്ത് മുഖേനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞു.

nepal woman raped by malayali on promise of marriage bail application rejected joy
Author
First Published Mar 6, 2024, 9:19 PM IST

തൃശൂര്‍: നേപ്പാള്‍ പൗരയും നാഗാലാന്‍ഡില്‍ താമസക്കാരിയുമായ യുവതിയെ ഖത്തറില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി തള്ളി. എടത്തുരുത്തി പുളിഞ്ചോട് അബ്ദുള്‍ ഹക്കീം എന്നയാളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും വിവാഹാവശ്യം ഉന്നയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.  

2022 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന പ്രതി അവിടെ തന്നെ ജോലി ചെയ്യുന്ന യുവതിയുമായി പരിചയപ്പെടുകയും തുടര്‍ന്ന് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി, ഇയാളുടെ മുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിക്കുകയും അതിനു ശേഷം വിവാഹാവശ്യം ഉന്നയിച്ച യുവതിയെ കാര്യങ്ങള്‍ സംസാരിക്കാമെന്നു പറഞ്ഞ് സുഹൃത്ത് മുഖേനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഇതിനിടെ യുവതിയുടെ അഭിമാനം ചോദ്യം ചെയ്യുന്ന രീതിയില്‍ പെരുമാറുകയുമായിരുന്നെന്നും പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് യുവതി അഭിഭാഷകയുടെ സഹായത്തോടെ കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അത് അറിഞ്ഞ പ്രതി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. യുവതി പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് അവകാശപ്പെടുന്നതിനാല്‍ അതു സംബന്ധിച്ച കൂടുതല്‍ രേഖകള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിജീവിതയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിനാലാണ് അതിജീവിത ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കിയത്. അപ്രകാരമുള്ള സമ്മതം പരിഗണിക്കാന്‍ കഴിയില്ലെന്ന പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.

ഡ്രെെവര്‍ക്ക് തലകറക്കം; നിയന്ത്രണം വിട്ട് ബസ്, കോഴിക്കോട് സംഭവിച്ചത് 
 

Follow Us:
Download App:
  • android
  • ios