പെൺകുട്ടിയുടെ മാതാപിതാക്കൾ  ഫോണിൽ വിളിച്ച് പരാതി പറഞ്ഞപ്പോൾ തന്നെ വളാഞ്ചേരി പൊലീസിൽ വിവരം അറിയിച്ചെന്നും പോലീസ് സ്റ്റേഷനിലെ  രേഖകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ  വ്യക്തമാകുമെന്നും  കെ ടി ജലീൽ പറഞ്ഞു.

വളാഞ്ചേരി: വളാഞ്ചേരി പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് മന്ത്രി കെ ടി ജലീൽ. കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭ കൗൺസിലറുമായ ഷംസുദ്ദീനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്നും കെ ടി ജലീൽ വ്യക്തമാക്കി.

പെൺകുട്ടിയുടെ മാതാപിതാക്കൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോൾ തന്നെ വളാഞ്ചേരി പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്റ്റേഷനിലെ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും കെ ടി ജലീൽ പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി 16 വയസുകാരിയെ ഷംസുദ്ദീൻ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2016 ജൂലൈയിലായിരുന്നു സംഭവം. നഗരസഭയിലെ 32-ാം ഡിവിഷൻ മെമ്പറാണ് ഷംസുദ്ദീൻ.

പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ് അറിയിച്ചു. ഷംസുദ്ദീൻ മലേഷ്യയിലേക്കോ തായ്‍ലാൻഡിലേക്കോ കടന്നിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം.