സ്പിരിറ്റ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ്  മുൻ സൈനികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആളെന്ന് പരാതി. അത്തിമണി അനിലിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതോടെയാണ് ഇയാൾ തിരിച്ചറിഞ്ഞത്. ഇക്കാര്യം പൊലീസിലറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആരോപണം.

പാലക്കാട്: സ്പിരിറ്റ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് മുൻ സൈനികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആളെന്ന് പരാതി. അത്തിമണി അനിലിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതോടെയാണ് ഇയാൾ തിരിച്ചറിഞ്ഞത്. ഇക്കാര്യം പൊലീസിലറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആരോപണം.

കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് കിഴക്കഞ്ചേരി സ്വദേശിയും സൈനികനുമായിരുന്ന ഷിബുവിന് നേർക്ക് ആക്രമണമുണ്ടാകുന്നത്. തന്നെ ആക്രമിച്ചത് അത്തിമണി അനിലും സംഘവുമാണെന്നാണ് ഷിബുവിന്റെ വെളിപ്പെടുത്തൽ. അന്നത്ത ആക്രമണത്തിൽ ബിജെപി പ്രവർത്തകൻ കൂടിയായ ഷിബുവിന്റെ വലതുകാൽ നഷ്ടപ്പെട്ടു. കൈകകൾക്കും ശരീരാഭാഗങ്ങൾക്കും ഗുരുതരമായി മുറിവേറ്റു. സ്പിരിറ്റ് കേസിൽ പിടിയിലായ അനിലിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഷിബു ആളെ തിരിച്ചറിഞ്ഞത്.

തന്നെ ആക്രമിച്ചവരല്ല അന്ന് അറസ്റ്റിലായതെന്നും ഇവരെ കണ്ടാൽ തിരിച്ചറിയുമെന്നും ഷിബു പറയുന്നു. കണ്ണമ്പ്രയിൽ ആർഎസ്എസ് പ്രവർത്തകൻ മണികണ്ഠന് നേർക്കുണ്ടായ വധശ്രമത്തിന് പുറകിലും അനിലാണെന്ന് ബിജെപി ആരോപിക്കുന്നു.

ജനതാദൾ പ്രവർത്തകൻ സിനീഷ് ഉൾപ്പെടെ ആക്രമിക്കപ്പെട്ടത് സമാന രീതിയിലാണ്. അനിലിന്റെ സാമ്പത്തിക ശ്രോതസും ക്വട്ടേഷൻ ഇടപാടുകളും അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു. നേരത്തെ ലോക്കല്‍ കമ്മിറ്റി അംഗം ബ്രാഞ്ച് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അനിലിനെ സ്പിരിറ്റ് കേസില്‍ അറസ്റ്റിലായ ശേഷം സിപിഎം പുറത്താക്കിയിരുന്നു.