കാഞ്ഞങ്ങാട്: ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ കാഞ്ഞങ്ങാട് മത്സ്യമാർക്കറ്റിന് സമീപം സംസ്കരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. 24 ദിവസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ കേസിൽ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

കുഞ്ഞിന്റെ അച്ഛൻ വിജയ് ആണ് കുട്ടിയെ സംസ്കരിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. മത്സ്യമാർക്കറ്റിന് പുറകിലെ ഒഴിഞ്ഞ സ്ഥലത്ത് കുറ്റിച്ചെടികൾക്കിടയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. രാജസ്ഥാൻ സ്വദേശികളായ വിജയ്, കാജൽ ദമ്പതികൾക്ക് കഴിഞ്ഞമാസം 13 നാണ് പെൺകുഞ്ഞ് ജനിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു പ്രസവം. 

കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഇരുവരും സ്വദേശമായ രാജസ്ഥാനിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ഉത്തരേന്ത്യയിൽ പ്രളയം രൂക്ഷമായതോടെ യാത്ര തടസപ്പെടുകയായിരുന്നു. ഈ മാസം ആറിന് കാഞ്ഞങ്ങാട് എത്തിയ ഇരുവരും റെയിൽവേ സ്റ്റേഷനിൽ തങ്ങി. അന്ന് രാത്രി കുഞ്ഞ് മരിച്ചെന്നാണ് അമ്മ നൽകിയ മൊഴി. ഏഴിന് പുലർച്ചെ ഇരുവരും ചേർന്ന് മൃതദേഹം സംസ്കരിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ വച്ച് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. ഉടനെ കാഞ്ഞങ്ങാട് പൊലീസിന് കൈമാറി. കാഞ്ഞങ്ങാട് തഹസിൽദാറുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ് മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.