മുംബൈ:മഹാരാഷ്ട്രയിലെ ബാരാമതിയിൽ ആൺകുഞ്ഞ് ജനിക്കാത്തതിലെ വിരോധം കാരണം അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. ബാരാമതിയിലെ ചാന്ദ്നഗറിലാണ് സംഭവം.  ഉച്ചയ്ക്ക് കുഞ്ഞിനൊപ്പം ഉറങ്ങാൻ കിടന്നതാണെന്നും ഉണർന്നപ്പോൾ കാണാനില്ലെന്നും അമ്മ പരാതിയുമായി എത്തിയതോടെയാണ് കൊലപാതകം പുറത്തായത്.

ഉച്ചയ്ക്ക് കുഞ്ഞിനൊപ്പം ഉറങ്ങാൻ കിടന്നതാണെന്നും ഉണർന്നപ്പോൾ കാണാനില്ലെന്നും അമ്മ ദീപാലി ബന്ധുക്കളോട് പറഞ്ഞു. ഇതോടെ ബന്ധുക്കൾ ഉടൻ പൊലീസിൽ പരാതി നൽകി.  സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ മൃതദേഹം വാട്ടർ ടാങ്കിൽ കണ്ടെത്തിയത്. മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതിനെ വിരോധം കാരണം താൻ കുഞ്ഞിനെ കൊന്നെന്ന് ദീപാലി സമ്മതിച്ചു.

വെള്ളത്തിൽ മുക്കിപ്പിടിച്ച് മരണം ഉറപ്പാക്കി. മൃതദേഹം മറവ് ചെയ്യാൻ സാവകാശം ലഭിച്ചില്ലെന്നും ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോൾ ടാങ്കിൽ തന്നെ ഉപേക്ഷിച്ചെന്നുമാണ് ദിപാലിയുടെ മൊഴി. കുടുംബത്തിലെ മാറ്റാരെങ്കിലും കുറ്റകൃത്യത്തിന് കൂട്ട് നിന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു