ബിജെപി-യുവമോർച്ച പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിരന്റെ കൊലപാതകം അന്വേഷിക്കുന്ന എൻഐഎ  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് പിടിച്ചെടുത്തു. 

ബെംഗളൂരു: ബിജെപി-യുവമോർച്ച പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിരന്റെ കൊലപാതകം അന്വേഷിക്കുന്ന എൻഐഎ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് പിടിച്ചെടുത്തു. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ നഗരത്തിലെ പിഎഫ്ഐ ഓഫീസാണ് തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജൻസി പിടിച്ചെടുത്ത് സീൽ വച്ചത്. ഗാന്ധിനഗറിലെ ആലെറ്റി റോഡിൽ താഹിറ കോംപ്ലക്‌സിന്റെ ഒന്നാം നിലയിലായിരുന്നു ഈ ഓഫീസ്.

പിടിച്ചെടുത്തതിന്റ നോട്ടീസ് പകര്‍പ്പ് ജില്ലാ പൊലീസ് മേധാവിക്കും കെട്ടിട ഉടമയ്ക്കും അയച്ചിട്ടുണ്ട്. വസ്തു പാട്ടത്തിനോ വാടകയ്ക്കോ നൽകരുതെന്നും വസ്തുവകകൾ ഓഫീസിൽ നിന്ന് മാറ്റരുതെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ബിജെപി നേതാവ് പ്രവീൺ നെട്ടാരുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയത് ഈ ഓഫീസിൽ വച്ചാണെന്നാണ് എൻഐഎക്ക് ലഭിച്ച വിവരം.

ഫെബ്രുവരിയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ബണ്ട്വാൾ ടൗണിന് സമീപം ഇടുക്കി ഗ്രാമത്തിലെ മിത്തൂർ ഫ്രീഡം കമ്മ്യൂണിറ്റി ഹാൾ എൻഐഎ നേരത്തെ സീൽ ചെയ്തിരുന്നു. 2022 ജൂലൈ 26-ന് സംസ്ഥാനത്ത് ഹിജാബ്, ഹലാൽ സംബന്ധിച്ച് തര്‍ക്കങ്ങൾ മൂര്‍ച്ഛിച്ച് നിൽക്കുന്ന സമയത്തായിരുന്നു പ്രവീൺ വെട്ടേറ്റ് മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയ്ക്ക് സമീപമുള്ള ബെല്ലാരെയിലായിരുന്നു കൊലപാതകം. മൂന്നാമത്തെ ശ്രമത്തിലായിരുന്നു പ്രവീൺ കൊല്ലപ്പെട്ടത്.

Read more:  റീൽസ് ആഡംബരമാക്കാൻ മോഷണം, ഫോട്ടോ പ്രദര്‍ശിപ്പിച്ച് പ്രശസ്തി കളയരുതെന്ന് യുവതി പൊലീസിനോട്, 33-കാരി അറസ്റ്റിൽ

കൊലപാതകത്തിൽ ബെംഗളൂരുവിലെ പ്രത്യേക എൻ ഐ എ കോടതിയിൽ 20 പേർക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിട്ടുണ്ട്. 1500 പേജുകളുള്ള കുറ്റപത്രത്തിൽ 240 സാക്ഷികളുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പ്രവീൺ വധക്കേസിലെ പ്രതി ഷാഫി ബെല്ലാരെക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എസ്ഡിപിഐ ടിക്കറ്റ് പ്രഖ്യാപിച്ചത് ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. അറസ്റ്റിലായ ഷാഫി എൻ ഐ എ കസ്റ്റഡിയിലാണ്.