ഇടുക്കി: രാജാപ്പാറയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ കേസ്. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയ് കുര്യാനെതിരെയാണ് ശാന്തൻപാറ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ണിക്കോട് മെറ്റൽസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറ് മണിക്കൂർ നീണ്ടുനിന്നു. കൊവിഡ് മാർഗനിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി നൂറിലധികം ആളുകൾ പാർട്ടിയിൽ പങ്കെടുത്തു. 

ഇക്കൂട്ടത്തിൽ പ്രമുഖരായ രാഷ്ട്രീയക്കാരും പൊലീസുകാരും ഉണ്ടെന്നാണ് വിവരം. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് കൊണ്ടുവന്നത്. നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് ശാന്തൻപാറ പൊലീസ് കേസെടുത്തത്. 

തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയ്ക്കെതിരെയാണ് നിലവിൽ കേസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബാക്കിയുള്ളവർക്കെതിരെകൂടി കേസെടുക്കാനാണ് പൊലീസ് തീരുമാനം. അതേസമയം ആദ്യം ഒത്തുകളിച്ച പൊലീസ് സംഭവം വിവാദമായതോടെയാണ് കേസെടുത്തതെന്നും ആരോപണമുണ്ട്. 

പരിപാടി നടന്ന അന്ന് തന്നെ പൊലീസുകാർ റിസോർട്ടിൽ എത്തിയിരുന്നതായും എന്നാൽ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് ആരോപണം.