കേസിലെ പ്രധാന പ്രതിയായ തൗഫീഖ്, സഹായി റെഹാന്‍ എന്നിവരെ ഗൂഡാലോചന, തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അതിവേഗ കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചത്.

ദില്ലി : ഫരീദാബാദിനടുത്തുള്ള ബല്ലഭ്ഗഡ് അഗർവാൾ കോളേജിലെ വിദ്യാർഥിനി നികിതാ തോമറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപരന്ത്യം. ഫരീദാബാദ് കോടതിയുടേതാണ് തീരുമാനം. കേസിലെ പ്രധാന പ്രതിയായ തൗഫീഖ്, സഹായി റെഹാന്‍ എന്നിവരെ ഗൂഡാലോചന, തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അതിവേഗ കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് ആയുധം നല്‍കിയെന്ന് ആരോപിക്കപ്പെട്ട മൊഹമ്മദ് അസ്റുദ്ദീനെ കോടതി വെറുതെ വിട്ടു.

എന്നാല്‍ മകളുടെ കൊലപാതകികള്‍ക്ക് ജീവപരന്ത്യം നല്‍കിയാല്‍ പോരന്നും വധശിക്ഷ നല്‍കണമെന്നുമാണ് നികിതയുടെ കുടുംബത്തിന്‍റെ പ്രതികരണം. വിധിക്കെതിരായ ഹൈക്കോടതിയെ സമീപിക്കുമെന്നും നികിതയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. കൊലയാളികള്‍ക്ക് വധശിക്ഷ വാങ്ങി നല്‍കാനായി ഏത് കോടതിയെ സമീപിക്കാനും തയ്യാറാണ് എന്നാണ് കുടുംബത്തിന്‍റെ നിലപാട്. കേസിലെ പ്രധാനപ്രതി സമൂഹത്തിലെ സ്വാധീനമുള്ള കുടുംബത്തില്‍ നിന്നുള്ളതിനാലാണ് വിധി ഇങ്ങനെയാണെന്നും നികിതയുടെ കുടുംബം ആരോപിക്കുന്നു.

ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ നികിത തോമര്‍ 2020 ഒക്ടോബര്‍ 26നാണ് കോളേജിന് മുന്‍പില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബല്ലഭ്ഗഡ് അഗർവാൾ കോളേജിലെ വിദ്യാർത്ഥിനി നികിതാ തോമറിനെ, കോളേജ് പരിസരത്തെ റോഡിൽ വെച്ച്, രണ്ട് അക്രമികൾ ചേർന്ന് ആദ്യം തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും, ശ്രമം പരാജയപ്പെട്ട ദേഷ്യത്തിന് യുവതിയെ പട്ടാപ്പകൽ വെടിവെച്ചു കൊല്ലുകയും ചെയ്യുകയുമായിരുന്നു. അക്രമികളിൽ ഒരാളായ തൗഫീഖിനെതിരെ തന്നെ അപമാനിക്കാൻ ശ്രമിച്ചു എന്നാക്ഷേപിച്ച് യുവതി പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടായിരുന്നു. കാറിൽ നിന്ന് തോക്കുമായി ഇറങ്ങി വന്ന അക്രമി, നികിതയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതും, യുവതി കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോയിന്റ് ബ്ലാങ്കിൽ അവളെ വെടിവെച്ചുകൊന്ന ശേഷം അതേ കാറിൽ കയറി പാഞ്ഞു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

പന്ത്രണ്ടാം ക്‌ളാസ് വരെ നികിതയുടെ ക്‌ളാസിൽ തന്നെയാണ് തൗഫീഖും പഠിച്ചിരുന്നത്. ഇയാൾ നികിതയെ പിന്നാലെ നടന്നു ശല്യം ചെയ്തതായി നികിതയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു. തൗഫീഖിനെതിരെ നികിത നൽകിയ പരാതിയിന്മേൽ ഇരു പക്ഷത്തേയും ചർച്ചക്ക് വിളിച്ചു വരുത്തിയ പോലീസ് ഇവർ തമ്മിൽ ഒത്തുതീർപ്പിൽ എത്തിച്ച് കേസില്ലാതെ അവസാനിപ്പിച്ചിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടതിലെ പ്രതികാരമായാണ് പൊലീസ് അക്രമത്തെ വിശദമാക്കിയത്.