ബെംഗളൂരു: മോഷണമുതൽ വിറ്റുകിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തർക്കത്തിനൊടുവിൽ പത്തൊമ്പതുകാരൻ പതിനേഴുകാരനെ കുത്തിക്കൊന്നു. ബെംഗളൂരു ആനെക്കലിലെ ചന്ദാപുരയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ആനേക്കൽ സ്വദേശിയായ രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 26 നാണ് ഇരുവരും ചേർന്ന് മോഷണം നടത്തിയത്. മോഷണമുതലായ മൊബൈൽ ഫോൺ വിറ്റുകിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇരുവരും തർക്കത്തിലായി. ഒടുവിൽ രാകേഷ് തന്റെ സഹായിയായ രവിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. അപകടമരണമെന്ന് വരുത്തി തീർക്കുന്നതിനായി രാകേഷ് മൃതദേഹം ആനേക്കലിന് സമീപമുള്ള മരസു റെയിൽവെ ട്രാക്കിന് സമീപം വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമായിരുന്ന മൃതദേഹം പിറ്റേന്ന് രാവിലെ ലോക്കോപൈലറ്റുമാരാണ് കണ്ടെത്തിയത്. രവിയുടെ അച്ഛൻ കൊലപാതകത്തിൽ രാകേഷിനു പങ്കുണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ രാകേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. 

Read Also: മൂന്ന് ട്രെയിനുകള്‍ മുകളിലൂടെ പാഞ്ഞുപോയി; ട്രാക്കില്‍ കിടന്ന യുവാവ് രക്ഷപ്പെട്ടത് ഇങ്ങനെ.!