വൈകിട്ട് ഏഴു മണിയോടെയാണ് പെൺകുട്ടിയെയും പ്രതി റോഷനെയും കേരളത്തിലെത്തിക്കുക. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.
കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും, രാത്രി ഏഴ് മണിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും നാളെ മുഹമ്മദ് റോഷനെ ഓച്ചിറ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ടതിന്‍റെ പത്താം ദിവസമാണ് പെൺകുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത്. തന്നെ റോഷൻ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നുമാണ് പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളോട് പറഞ്ഞത്. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും രണ്ട് വർഷമായി പ്രണയത്തിലാണെന്നുമാണ് മുഖ്യപ്രതി മുഹമ്മദ് റോഷനും അവകാശപ്പെടുന്നത്.
തനിക്ക് പതിനെട്ട് വയസായെന്നും പെൺകുട്ടി അവകാശപ്പെടുന്നുണ്ട്. തന്‍റെ പ്രായം തെളിയിക്കാനുള്ള തെളിവുകൾ അച്ഛന്‍റെ പക്കലുണ്ടെന്നും പെൺകുട്ടി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് മുംബൈ പ്രതിനിധിയോട് പറഞ്ഞിരുന്നു. ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ തട്ടിക്കൊണ്ടുപോകൽ കേസിലെ ആശയക്കുഴപ്പങ്ങൾ പെൺകുട്ടിയുടെ വൈദ്യപരിശോധന അടക്കം പൂർത്തിയായാൽ മാത്രമേ പൂർണ്ണമായും നീങ്ങുകയുള്ളൂ.
