സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നതിനാല്‍ മോഷണമാണ് കൊലപാതകത്തിന്‍റെ ലക്ഷ്യമെന്ന് അന്നു തന്നെ വ്യക്തമായിരുന്നു.

മലപ്പുറം: രാമപുരത്ത് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ തലക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപെടുത്തിയ കേസില്‍ പ്രതി അറസ്റ്റിലായി. പേരമകളുടെ ഭര്‍ത്താവും അധ്യാപകനുമായ മമ്പാട് സ്വദേശി നിഷാദലിയാണ് പെരിന്തല്‍ണ്ണ പൊലീസ് പിടിയിലായത്. ജൂലൈ മാസം പതിനാറിനാണ് രാമപുരം ബ്ലോക്ക് പടിയിൽ താമസിക്കുന്ന മുട്ടത്തിൽ ആയിഷയെന്ന എഴുപത്തിരണ്ടുകാരി വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്.

സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നതിനാല്‍ മോഷണമാണ് കൊലപാതകത്തിന്‍റെ ലക്ഷ്യമെന്ന് അന്നു തന്നെ വ്യക്തമായിരുന്നു. വീട്ടിൽ പകുതി കുടിച്ച ചായയും ഓംലെറ്റും കണ്ടെത്തിയത് ആയിഷയ്ക്ക് പരിചയം ഉള്ള ആരോ വീട്ടില്‍ വന്നിരുന്നു എന്നതിന്‍റെ സൂചനയായി പൊലീസ് കണ്ടു.ആ വഴിക്കുള്ള അന്വേഷണമാണ് മകളുടെ മകളുടെ ഭര്‍ത്താവ് നിഷാദലിയിലേക്ക് എത്തിയത്.

മമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഗസ്റ്റ് അധ്യാപകൻ ആയിരുന്ന നിഷാദലി ഇവിടെ ഒരു മോഷണ കേസില്‍ ഉൾപ്പെട്ടിരുന്നു.മാത്രവുമല്ല വിദ്യാര്‍ത്ഥികളും പരിചയക്കാരുമടക്കം നിരവധി ആളുകളില്‍നിന്ന് പണവും സ്വര്‍ണഭരങ്ങളും ഇയാള്‍ കടം വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തി.

സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കൊലപാതകമെന്ന് പ്രതിയും പൊലീസിനോട് സമ്മതിച്ചു.പ്രതിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona