കഴുത്തിൽ ചുറ്റിപ്പിടിച്ചതോടെ കുതറി മാറാൻ ശ്രമിച്ചെങ്കിലും വയോധികയെ സമീപത്തെ ഇടവഴിയിൽ തള്ളിയിടാൻ ശ്രമിച്ചു.

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യത്ത് പട്ടാപ്പകൽ വയോധികയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. വട്ടപ്പാറ സ്വദേശി ചിത്രസേനനാണ് പൊലീസിന്റെ പിടിയിലായത്. റോഡിൽ നടന്നു പോവുകയായിരുന്ന 68കാരിയെ പിന്തുടർന്നായിരുന്നു ആക്രമണം. ശ്രീകാര്യം ഗാന്ധിപുരം റോഡിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന അറുപത്തെട്ടുകാരിയെയാണ് വടപ്പാറ സ്വദേശിയായ ചിത്രസേനൻ നടുറോഡിൽ വച്ച് കടന്നു പിടിച്ചത്.

കഴുത്തിൽ ചുറ്റിപ്പിടിച്ചതോടെ കുതറി മാറാൻ ശ്രമിച്ചെങ്കിലും വയോധികയെ സമീപത്തെ ഇടവഴിയിൽ തള്ളിയിടാൻ ശ്രമിച്ചു. നിലവിളി കേട്ടോടിയെത്തിയ വഴിയാത്രക്കാരും സമീപ വാസികളുമാണ് ചിത്രസേനനെ തടഞ്ഞുവച്ചത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കുറ്റം ചുമത്തിയാണ് ചിത്രസേനനെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തത്. ശ്രീകാര്യം സ്റ്റേഷൻ പരിധിയിൽ 2020ൽ വധശ്രമ കേസിലും ഇയാൾ പ്രതിയാണ്. സമാനരീതിയിൽ മറ്റ് അതിക്രമങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

Read More : മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ കെട്ടിയിച്ച് മർദ്ദിച്ചു; മൂന്ന് പേർക്കെതിരെ പൊലീസ് കേസ്