അമ്മിണി (75) ക്കാണ് ക്രൂര മർദ്ദനമേറ്റത്. ഇവരുടെ സഹോദരൻ്റെ ഭാര്യ ഭവാനി മകൾ കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. 

തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാന്‍ ബന്ധുക്കള്‍ വൃദ്ധയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തൃശ്ശൂര്‍ ചാഴൂരിലാണ് സംഭവം. എഴുപത്തിയഞ്ച് കാരി അമ്മിണിയെയാണ് പൊളിഞ്ഞ് വീഴാറായ തൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വൃദ്ധയെ മോചിപ്പിച്ച് ആശ്രയ കേന്ദ്രത്തിലാക്കിയ പൊലീസ് സഹോദര ഭാര്യയെയും മകളെയും അറസ്റ്റ് ചെയ്തു.

നാട്ടുകാരറിയിച്ചതിനെത്തുടര്‍ന്ന് അന്തിക്കാട് പൊലീസെത്തുമ്പോള്‍ കണ്ടത് അമ്മിണിയെന്ന എഴുപത്തിയഞ്ചുകാരിയുടെ ദയനീയ കാഴ്ചയായിരുന്നു. വീടിന് പിന്‍ഭാഗത്തുള്ള പൊളിഞ്ഞ് വീഴാറായ പഴയ തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു അമ്മിണിയെ. ഒരു മാസത്തിലേറെയായി പീഡനം തുടരുകയായിരുന്നു. അവിവാഹിതയായ അമ്മിണിയുടെ സഹോദരന്‍റെ ഭാര്യ ഭവാനി, മകള്‍ ഹിന എന്നിവരായിരുന്നു കണ്ണില്‍ ചോരയില്ലാതെ പെരുമാറിയത്. 

അമ്മിണിയുടെ പേരിലുള്ള പത്ത് സെന്‍റ് എഴുതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പീഡനം. വെള്ളവും ഭക്ഷണവും ചോദിക്കുമ്പോഴൊക്കെ തല്ലും. വായില്‍ വടി തിരുകിയിട്ടുണ്ടെന്നും വൃദ്ധ പൊലീസിന് മൊഴി നല്‍കി. കെട്ടിയിട്ട ചങ്ങലക്കണ്ണില്‍ കാലുരഞ്ഞ് വൃണമായി. അമ്മിണിയെ മോചിപ്പിച്ച പൊലീസ് മണ്ണൂത്തിയിലെ വൃദ്ധസദനത്തിലാക്കിയിട്ടുണ്ട്. പ്രതികളായ ഭവാനിയെയും മകള്‍ ഹിനയെയും അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പടെ ചുമത്തിയാണ് കേസെടുത്തത്.