കൊച്ചി: എറണാകുളത്ത് വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റിലായി. ഗാന്ധിനഗര്‍ കോളനി സ്വദേശി 22കാരനായ മഹീന്ദ്രനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. 

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ നിന്നെത്തിയ യുവാവ്, കലൂര്‍ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള വെയ്റ്റിംഗ് ഷെഡില്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയം കാറിലെത്തിയ മഹീന്ദ്രനും സംഘവും യുവാവിനെ ഭീഷണിപ്പെടുത്തി 1000 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മഹീന്ദ്രനെ തിരിച്ചറി‌ഞ്ഞത്. ഇയാള്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും നോര്‍ത്ത് പൊലീസ് ഇൻസ്പെക്ടര്‍ സിബി ടോം പറഞ്ഞു.