കൊല്ലം: പുനലൂർ കരവാളൂരിൽ അയൽവാസികൾ തമ്മിൽ അതിർത്തി തർക്കത്തെ ചൊല്ലിയുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. നീലാമ്മാൾ ചരുവിള പുത്തൻ വീട്ടിൽ നെപ്പോളിയൻ (64) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അയൽവാസിയായ രത്നാകരനെ (55) പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ഇരുവരും തമ്മിൽ ദീർഘകാലമായി ഉണ്ടായിരുന്ന വഴിത്തർക്കത്തെത്തുടർന്നാണ് അടിപിടി ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച വൈകിട്ട് നീലാമ്മാൾ ജംങ്ഷനിൽ ഇരുവരും തമ്മിൽ വഴക്കും ഉന്തും തള്ളുമുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ച് ഇരുവരെയും തിരിച്ചയച്ചെങ്കിലും വീടിന് സമീപം എത്തിയപ്പോള്‍ വീണ്ടും തര്‍ക്കമുണ്ടായി. അടിപിടിക്കിടെ നിലത്ത് വീണ നെപ്പോളിയന് ബോധം നഷ്ടപ്പെട്ടു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.