. സിപിഎം പ്രവർത്തകനായ  കൊച്ചിയങ്ങാടി സ്വദേശി നിജിൽ ആണ് കണ്ണൂരിൽ വച്ച് പിടിയിലായത്. 

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ കൊച്ചിയങ്ങാടി സ്വദേശി നിജിൽ ആണ് കണ്ണൂരിൽ വച്ച് പിടിയിലായത്. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. മൻസൂറിനെ കൊലപ്പെടുത്തി കൃത്യം ഒരുമാസം പിന്നിടുമ്പോൾ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആളുകളെല്ലാം പിടിയിലായി.

ഇന്ന് അറസ്റ്റിലായ നിജിൽ പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ സിപിഎം പ്രവർത്തകനാണ്. ആദ്യ പ്രതിപ്പട്ടികയിൽ ഉൾപെടാത്ത ഇയാളെ പള്ളൂരിൽ വച്ചാണ് ക്രൈംബ്രാ‌ഞ്ച് അറസ്റ്റ് ചെയ്തതത്. മൻസൂറിനെ എറിഞ്ഞ ബോംബ് ഉണ്ടാക്കിയ പ്രശോഭ് പത്ത് ദിവസം മുന്നെ പിടിയിലായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നിട്ടിട്ടില്ല. 

കേസിന്റെ ഗൂഡാലോചന ഏത് തലംവരെ നടന്നു എന്നാണ് ഡിവൈഎസ്പി വിക്രമന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ പരിശോധിക്കുന്നത്. അതേസമയം കേസിലുൾപ്പെട്ട് ഒളിവിൽ പോയ സിപിഎം പെരിങ്ങളം ലോക്കൽകമ്മറ്റി അംഗം ജാബിർ, കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറി ശശി 11 ആം പ്രതി നാസർ എന്നിവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവരുടെ പങ്ക് അന്വേഷിച്ച് വരുന്നതായി ക്രൈംബ്രാഞ്ച് അറിയിച്ചു. 

കേസന്വേഷണത്തിന്റെ തുടക്കത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിനെതിരെ കുടുംബം ആക്ഷേപം ഉന്നയിച്ചതോടെയാണ് സംസ്ഥാന ക്രൈം ബ്രാഞ്ചിലേക്ക് അന്വേഷണം മാറ്റിയത്. കേസേറ്റെടുത്ത് ആഴ്ചകൾക്കുള്ളിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ പിടികൂടാൻ പുതിയ സംഘത്തിനായി. ഗൂഡാലോചനയിൽ പങ്കെടുത്തവരെ കൂടി കണ്ടെത്തി പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ശ്രമം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona