ലക്നൗ: ഐശ്വര്യം വരാൻ കഴുത്തിൽ കെട്ടിയ ചരട് ഒരു വയസ്സുകാരനായ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. ഐശ്വര്യം ഉണ്ടാകാനായി കുഞ്ഞിന്റെ കഴുത്തിൽ കറുത്ത ചരട് കെട്ടിയിരുന്നു. കുട്ടികളെ തള്ളിക്കൊണ്ട് നടക്കുന്ന ബേബി കാരിയറിനുള്ളിലായിരുന്നു കുഞ്ഞ്. ഇതിനുള്ളിൽ നിന്ന് എങ്ങനെയോ താഴെ വീണ സമയത്ത് കുഞ്ഞിന്റെ കഴുത്തിലെ ചരട് വണ്ടി‌യിൽ കുരുങ്ങി മുറുകിയാണ് അപകടം സംഭവിച്ചത്. സംഭവം നടക്കുമ്പോൾ കുഞ്ഞിന്റെ സമീപം മാതാപിതാക്കൾ ഉണ്ടായിരുന്നില്ല. 

കുഞ്ഞിനെ വീടിനുള്ളിൽ ഇരുത്തിയതിന് ശേഷം ഇവർ ടെറസിലേക്ക് പോയിരിക്കുകയായിരുന്നു. ഇവർ തിരികെ എത്തിയപ്പോൾ കുഞ്ഞ് വണ്ടിക്കുള്ളിൽ ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. ചരട് കഴുത്തിൽ മുറുകിയ നിലയിൽ കണ്ടെത്തി. ഉടനടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കണ്ണുതട്ടാതിരിക്കാൻ കുഞ്ഞുങ്ങളുടെ കാലിലും കഴുത്തിലും  ചരടുകൾ കെട്ടുക എന്നത് ഉത്തർപ്രദേശിലെ ആചാരങ്ങളുടെ ഭാ​ഗമാണ്. മിക്കയിടങ്ങളിലും ഇവ കാണാം. തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്. എങ്ങനെയാണ് വണ്ടിക്കുള്ളിൽ നിന്ന് കു‍ഞ്ഞ് താഴെ വീണതെന്ന് മനസിലാകുന്നില്ലെന്ന് പിതാവ് വ്യക്തമാക്കി. സമാനമായ സംഭവം കഴിഞ്ഞ വർഷവും ഷംലിയിൽ നടന്നിരുന്നു.