Asianet News MalayalamAsianet News Malayalam

'നിങ്ങൾ ലോൺ കൊടുത്ത അജയ് തൂങ്ങി മരിച്ചു', ചാറ്റ് ചെയ്ത് പൊലീസ്; 'നല്ല തമാശ, പൊട്ടിച്ചിരിച്ച്' സൂത്രധാരന്മാർ

അജയ് രാജ് ഇന്നലെ തൂങ്ങി മരിച്ചുവെന്ന് പൊലീസ് ലോണ്‍ തട്ടിപ്പ് സംഘത്തെ അറിയിച്ചപ്പോള്‍ പൊട്ടിച്ചിരിക്കൊപ്പം 'നല്ല തമാശ'യാണെന്നായിരുന്നു മറുപടി. 

Online loan mafias involvement suspected in suicide of ajay raj in wayanad police starts investigation vkv
Author
First Published Sep 16, 2023, 9:04 PM IST

കല്‍പ്പറ്റ: മീനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ അരിമുളയില്‍ ലോണ്‍ ആപ്പിന്‍റെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി പൊലീസ്. വെള്ളിയാഴ്ചയാണ് താഴെമുണ്ട ചിറകോണത്ത് അജയ് രാജ് (44) അരിമുള എസ്റ്റേറ്റിനുള്ളില്‍ തൂങ്ങി മരിച്ചത്. സംഭവത്തിന് പിന്നില്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിരുന്നു. 

അജയ് രാജിന്റെ സുഹൃത്തും പ്രദേശത്തെ ഓട്ടോ ഡ്രൈവറുമായ റിയാസിന് ലോണ്‍ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം ഇദ്ദേഹം പൊലീസിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് അജയ് രാജിന്റെയടക്കം ആപ്പ് വഴി ലോണ്‍ നല്‍കുന്ന സംഘത്തിന്റെ സന്ദേശമെത്തിയ മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിനിടെ അജയ് രാജിന്റെ ഫോണില്‍ നിന്ന് വാട്ട്സ് ആപ് വഴി പൊലീസ് സംഘത്തോട് ചാറ്റ് ചെയ്തു. അജയ് രാജ് ഇന്നലെ തൂങ്ങി മരിച്ചുവെന്ന് പൊലീസ് ലോണ്‍ തട്ടിപ്പ് സംഘത്തെ അറിയിച്ചപ്പോള്‍ പൊട്ടിച്ചിരിക്കൊപ്പം 'നല്ല തമാശ'യാണെന്നായിരുന്നു മറുപടി. 

ഏത്ര പൈസയാണ് നിങ്ങളിലുടെ ലോണെന്നും ഏങ്ങനെയാണ് തിരികെ തരേണ്ടതെന്നും ചാറ്റില്‍ പോലീസ് ചോദിക്കുന്നുണ്ട്. അയ്യായിരം രൂപയെന്നും യു.പി.ഐ വഴി ഉടന്‍ പെയ്‌മെന്റ് നടത്തണമെന്നും സംഘം മറുപടിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും നിങ്ങള്‍ പിടിക്കപ്പെടുമെന്നും പൊലീസ് അറിയിച്ചപ്പോഴും പൊട്ടിച്ചിരിയായിരുന്നു മറുപടി. യുവാവ് ജീവനൊടുക്കാന്‍ കാരണം ലോണ്‍ ആപ്പിന്റെ ഭീഷണിയെന്ന് ബന്ധുക്കളും, സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ആത്മഹത്യയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി പഥം സിങ് അറിയിച്ചു. 

സാമ്പത്തിക ഇടപാടുകള്‍, മരണകാരണം എന്നിവ സംബന്ധിച്ചും, ഓണ്‍ലൈന്‍ വായ്പ സംബന്ധിച്ച ഭീഷണി, അശ്ലീല മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചത് തുടങ്ങിയവയും അന്വേഷിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. അജയ് രാജ് ലോണ്‍ ആപ്പില്‍ നിന്നും 5000 രൂപ കടമെടുത്തതായി ആപ്പുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പര്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നു. ഈ നമ്പറില്‍ നിന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തിന്റെയും ഫോണിലേക്ക് അജയ് രാജിന്റെയും മറ്റും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ലഭിച്ചതോടെയാണ് ജോലിക്കായി ഇറങ്ങിയ യുവാവ് പ്രദേശത്തെ തോട്ടത്തില്‍ എത്തി ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. 

അതേ സമയം  അസുഖബാധിതനായ അജയ് സാമ്പത്തിക പ്രതിസന്ധിയിലായത് കൊണ്ടാവാം ആപ്പ് വഴി ലോണെടുത്തതെന്ന് പൂതാടി പഞ്ചായത്ത് പതിനേഴാം വാര്‍ഡ് അംഗം മിനി സുരേന്ദ്രന്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ലോട്ടറി വില്‍പ്പനക്കാരനായിരുന്നു അജയ് രാജ്. സാധാരണ തൊഴിലുകളിലെല്ലാം ഏര്‍പ്പെട്ടുവന്നിരുന്ന അജയ് രാജ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ലോട്ടറി വില്‍പ്പനയിലേക്ക് തിരിഞ്ഞത്. ഭാര്യ സുനിലക്കും ശാരീരിക അസുഖങ്ങള്‍ ഉള്ളതായി പറയുന്നു. ഇരുവര്‍ക്കും ഭാരിച്ച ജോലിളൊന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ പ്ലസ്ടുവരെ പഠിച്ച മകന്‍ പാലളക്കുന്ന ജോലിക്ക് പോയി തുടങ്ങിയിരുന്നു. മകള്‍ അമൃത സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് ചെയ്യുകയാണ്.

Read More : മീൻ കയറ്റുന്ന വാൻ, ഉള്ളിൽ 50 മീൻ പെട്ടികൾക്കിടയിൽ 29 കിലോ കഞ്ചാവ്, വില 10 ലക്ഷം; മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios