Asianet News MalayalamAsianet News Malayalam

'അമേരിക്കയിൽ ഡോക്ടർ, എയർഫോഴ്സ് ഉദ്യോഗസ്ഥയ്ക്ക് കല്യാണ ആലോചന'; പറ്റിച്ച് 'കാമുകൻ' തട്ടിയത് 23 ലക്ഷം

എയർഫോഴ്സിലെ ഉദ്യോഗസ്ഥയായ യുവതി മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ ആലോചനകള്‍ ക്ഷണിച്ചിരുന്നു.  ഇതിനിടെയിലാണ് വിദേശത്ത് ഡോക്ടറായി ജോലി ചെയ്യുന്ന അമിത് യാദവ്  യുവാവിന്‍റെ വിവാഹ ആലോചന യുവതിക്ക് ലഭിക്കുന്നത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ചാറ്റിംഗ് തുടങ്ങി.

Online suitor charms woman IAF officer in Lucknow, dupes her of Rs 23 lakh vkv
Author
First Published Jun 2, 2023, 2:41 PM IST

ലഖ്‌നൗ: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് ഓണ്‍ലൈൻ ചാറ്റിംഗിനൊടുവിൽ വനിതാ എയർഫോഴ്സ് ഉദ്യോഗസ്ഥയെ പറ്റിച്ച് തട്ടിയെടുത്തത് 23 ലക്ഷം രൂപ.  ദില്ലി സ്വദേശിയായ യുവാവാണ് വിദേശത്ത് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച്  ബെംഗളൂരു സ്വദേശിയായ എയർഫോഴ്സ് ഉദ്യോഗസ്ഥയുമായി അടുപ്പത്തിലായി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടതിന് പിന്നാലെ അമളി തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥ പൊലീസിൽ പാരാതി നല്‍കി. കഴിഞ്ഞ തിങ്കഴാഴ്ചയാണ് എയർഫോഴ്സ് ഉദ്യോഗസ്ഥ ലഖ്‌നൗ പൊലീസിൽ പരാതി നല്‍കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. എയർഫോഴ്സിലെ ഉദ്യോഗസ്ഥയായ യുവതി മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ ആലോചനകള്‍ ക്ഷണിച്ചിരുന്നു.  ഇതിനിടെയിലാണ് വിദേശത്ത് ഡോക്ടറായി ജോലി ചെയ്യുന്ന അമിത് യാദവ്  യുവാവിന്‍റെ വിവാഹ ആലോചന യുവതിക്ക് ലഭിക്കുന്നത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ചാറ്റിംഗ് തുടങ്ങി. മാന്യതയോടെയുള്ള യുവാവിന്‍റെ പെരുമാറ്റത്തിൽ യുവതി ആകൃഷ്ടയായി. തുടർന്ന് ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലെത്തി. ഇതിനിടെയിലാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും വിവാഹം കഴിച്ച് ഇന്ത്യയിൽ സ്ഥിരതാമസമാക്കാമെന്നും അമിത് യാദവ്  എയർഫോഴ്സ് ഉദ്യോഗസ്ഥയായ യുവതിക്ക് വാക്ക് നല്‍കുന്നത്.

പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം ദില്ലിയിൽ സ്ഥലവും വീടും വാങ്ങാനായി ഇയാള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. സാമ്പത്തിക കൈമാറ്റത്തിന് കാലതാമസം വരുന്നതിനാല്‍ രജിസ്ട്രേഷൻ വൈകുമെന്നും അതുകൊണ്ട് അഡ്വാൻസ് നല്‍കാൻ 25 ലക്ഷം രൂപ വേണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. ഏറെ നാളത്തെ ചാറ്റിംഗും വിവാഹം കഴിക്കുമെന്ന വാഗ്ദാനവും വിശ്വാസത്തിലെടുത്ത് യുവതി ഇയാള്‍ക്ക് പണം നല്‍കി. ഇതിന് പിന്നാലെ അമിത് യാദവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. യുവാവിനെ ഫോണിൽ കിട്ടാതായതോടെയാണ് താൻ ചതിക്കപ്പെട്ടന്ന വിവരം യുവതിക്ക് മനസിലായത്.

പിന്നീട് യുവാവിനോട് പണം ചോദിച്ചതോടെ ഭീഷണിയായി. ഇതോടെ യുവതി ബാങ്കുമായി ബന്ധപ്പെട്ട് യുവാവിന്‍റെ അക്കൌണ്ട് മരവിപ്പിക്കുകയും പണം തിരിച്ച് പിടിക്കാനുള്ള മാർഗങ്ങള്‍ തേടുകയും ചെയ്തു. ഇതോടെ  ചാറ്റിലെ വിവരങ്ങളും ഫോട്ടോകളും പുറത്ത് വിടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇതോടെ ലഖ്നൌവിൽ ജോലി ചെയ്യുന്ന യുവതി സൈബർ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. മൊബൈൽ ഫോണ്‍ നമ്പർ ട്രേസ് ചെയ്തതോടെയാണ് വൻ തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നത്. അമേരിക്കയിൽ ഡോക്ടറാണെന്ന് പറഞ്ഞിരുന്ന യുവാവിന്‍റെ ഫോണ്‍ ദില്ലിയിലുള്ളതായി പൊലീസ് കണ്ടെത്തി.  മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് ദില്ലിയിൽ പ്രതിക്കായി അന്വേഷണം നടത്തിവരികയാണ്.

Read More : '19 കാരി ഹോസ്റ്റലിൽ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്, വീട്ടുകാരറിയുന്നത് കോളേജിൽ നിന്നും ഫോണെത്തുമ്പോൾ'

Follow Us:
Download App:
  • android
  • ios