കോവളത്ത് ലിഗ എന്ന വിദേശ വനിത കൊല്ലപ്പെട്ട തുരുത്തിൽ സിറ്റി പൊലീസ് കമ്മഷ്ണർ നേരിട്ട് എത്തി പരിശോധന നടത്തിയാണ് ഓപ്പറേഷൻ കോബ്ര ഒരു മാസം മുൻപ് തുടങ്ങുന്നത്

തിരുവനന്തപുരം: ക്രിമിനലുകളെ നിയന്ത്രിക്കാൻ പൊലീസ് കൊണ്ടുവന്ന പദ്ധതികൾ പരാജയപ്പെട്ടതാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം വീണ്ടും വ്യാപകമാവാൻ കാരണം. കഴിഞ്ഞ മാസം തുടങ്ങിയ ഓപ്പറേഷൻ കോബ്രയിലൂടെ ഗുണ്ടകളുടേയും അവരുടെ താവളങ്ങളുടേയും പൂർണവിവരം ശേഖരിച്ചെന്ന് അവകാശപ്പെടുന്ന പൊലീസിന് നാണക്കേടായിരിക്കുകയാണ് തുടരെയുണ്ടായ കൊലപാതകങ്ങൾ.

Add Asianetnews as a Preferred SourcegooglePreferred

കോവളത്ത് ലിഗ എന്ന വിദേശ വനിത കൊല്ലപ്പെട്ട തുരുത്തിൽ സിറ്റി പൊലീസ് കമ്മീഷ്ണർ നേരിട്ട് എത്തി പരിശോധന നടത്തിയാണ് ഓപ്പറേഷൻ കോബ്ര ഒരു മാസം മുൻപ് തുടങ്ങുന്നത്. ഗുണ്ടാവിളയാട്ടവും ലഹരിക്കടത്തും തലസ്ഥാനത്ത് വ്യാപിച്ചപ്പോഴായിരുന്നു ഇത്. സാമൂഹ്യവിരുദ്ധ പ്രവർത്തനം നടക്കുന്ന ആളൊഴിഞ്ഞ സ്ഥലങ്ങളെക്കുറിച്ച് പൂർണ്ണവിവരം ശേഖരിക്കുകയാരുന്നു ഒരു ലക്ഷ്യം. കൂടാതെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുടെ കണക്കുകൾ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ശേഖരിച്ചു. 

80ലധികം പേരാണ് അന്ന് ജയിലിലായത്. കമ്മീഷണർ ഓഫീസ് കേന്ദ്രീകരിച്ച് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കാൻ പുതിയ സെൽ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ടായിരുന്നു.പക്ഷെ പിന്നീട് എന്തുണ്ടായി? കരമനയിൽ അനന്തുവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കാടുപിടിച്ച സ്ഥലത്തെക്കുറിച്ച് സിറ്റി പൊലീസിന് ധാരണയില്ലെന്നതായിരുന്നു സത്യ.

പ്രദേശത്ത് സാമൂഹ്യവിരുദ്ധ പ്രവർ‍ത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അനന്തുവിന്‍റെ മൃതദേഹം കിട്ടുന്നത് വരെ പൊലീസ് അറിതെ പോയത് എന്തുകൊണ്ട്? നേരത്തെ ശേഖരിച്ച് വച്ച വിവരങ്ങളെല്ലാം എവിടെപോയി? ഇനി ശ്രീവരാഹ ക്ഷേത്രത്തിനടുത്ത് നടന്ന കൊലപാതകം നോക്കാം. കൊല്ലപ്പെട്ടയാളും കൊലപാതകികളുമെല്ലാം ക്രിമിനൽ കേസുള്ളവർ. ഇതിന് മുൻപും ഇവർ തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ടെന്ന കാര്യം പൊലീസും സമ്മതിക്കുന്നു. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടെന്ന് നാട്ടുകാരും പറയുന്നു. എന്നിട്ടും പൊലീസ് നിരീക്ഷണം ഉണ്ടായില്ല.

ചുരുക്കത്തിൽ കൊട്ടിഘോഷിച്ച് തുടങ്ങിയ ഓപ്പറേഷൻ കോബ്ര ഒരു ചുവടുപോലും മുന്നോട്ട് വയ്ക്കാതെ പത്തിമടക്കിയെന്നാണ് നഗരത്തിൽ രണ്ടിടത്ത് തുടർച്ചായായി നടന്ന കൊലപാതകങ്ങൾ വ്യക്തമാക്കുന്നത്.